ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മമ്മൂട്ടി; ലോകാവസാനം വരെ ആളുകള്‍ ഓര്‍ത്തിരിക്കുമെന്ന പ്രതീക്ഷയില്ലെന്നും താരം

അഭിനയത്തോടുള്ള തന്റെ ഇഷ്ടം ഒരിക്കലും മടുക്കില്ലെന്നും തന്റെ അവസാന ശ്വാസംവരെയും അങ്ങനെയായിരിക്കുമെന്നും മമ്മൂട്ടി. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ഖാലിദ് അല്‍ അമീറിയുമായി സംസാരിക്കവെ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഒരുസമയം കഴിഞ്ഞാല്‍ എല്ലാ അഭിനേതാക്കള്‍ക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും മമ്മൂട്ടിയ്ക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയുമായിരുന്നു താരം. “ലോകം മമ്മൂക്കയെ എങ്ങനെ ഓര്‍ക്കണം എന്നാണ് ആഗ്രഹിക്കുന്നത്” എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത് ഒരു മറുചോദ്യത്തിലൂടെയായിരുന്നു.

“എത്രകാലം ആളുകള്‍ എന്നെ ഓര്‍ത്തിരിക്കും? ഒരു വര്‍ഷം? പത്തുവര്‍ഷം? പതിനഞ്ചു വര്‍ഷം? അത്രയേ ഉള്ളൂ. ലോകാവസാനം വരെ മറ്റുള്ളവര്‍ നമ്മളെ ഓര്‍ത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കും ഉണ്ടാകില്ല. മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്തെ ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും?. എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഞാനീ ലോകം വിട്ടു പോയിക്കഴിഞ്ഞാല്‍ അവരെന്നെ ഓര്‍ക്കുമോ ഇല്ലയോ എന്ന് ഞാനെങ്ങനെ അറിയാനാണ്? എല്ലാവരും ചിന്തിക്കുന്നത് ലോകാവസാനം വരെ ഓര്‍മിക്കപ്പെടണമെന്നാണ്. പക്ഷെ അത് സാധ്യമല്ല,” എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

അതൊരു നല്ല ഉത്തരമാണെന്നും ഇങ്ങനെയൊരു ചിന്ത മുമ്പ് ഏതെങ്കിലും അഭിമുഖത്തില്‍ പങ്കുവച്ചിട്ടുണ്ടോ എന്നും ഖാലിദ് ചോദിച്ചപ്പോള്‍ അദ്ദേഹത്തോടായിരിക്കും താനിത് ആദ്യമായി പറയുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here