മമ്മൂട്ടി സിനിമ ഭ്രമയുഗത്തിനെതിരെ ഹര്‍ജി; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണം; കുഞ്ചമണ്‍ കുടുംബം ഹൈക്കോടതിയില്‍

കൊച്ചി: മമ്മൂട്ടിയുടെ പുതിയ സിനിമ ‘ഭ്രമയുഗം’പ്രതിസന്ധിയില്‍. ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹർജിയെത്തി. സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചിത്രം അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കെയാണ് സിനിമ കോടതി കയറുന്നത്.
ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ കുടുംബപ്പേരാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയില്‍ കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് അയച്ചു.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ കുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് കുടുംബത്തിന് സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേരു വരുത്തി വയ്ക്കുമെന്നാണ് ഹർജിയിലെ വാദം. മമ്മൂട്ടിയെപ്പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം ഒരുപാടു പേരെ സ്വാധീനിക്കുമെന്നും ഹർജിയിലുണ്ട്. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും നീക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here