മമ്മൂട്ടി നായകന്‍, നയന്‍താര നായിക; മലയാള സിനിമ സംവിധാനം ചെയ്യാന്‍ ഗൗതം വാസുദേവ് മേനോന്‍; നിര്‍മാണം മമ്മൂട്ടി കമ്പനിയെന്ന് റിപ്പോര്‍ട്ട്
തുടര്‍ച്ചയായ ഹിറ്റുകളാണ് മമ്മൂട്ടി സമീപകാലത്ത് മലയാള സിനിമയ്ക്ക് നല്‍കിയത്. അദ്ദേഹത്തിന്റെതായി ഇനി വരാനുള്ളതാകട്ടെ ഏറെ പ്രതീക്ഷ നല്‍കുന്ന പ്രോജക്ടളും. ആക്ഷന്‍-കോമഡി ചിത്രമായ ടര്‍ബോയുടെ റിലീസിന് ശേഷം, മറ്റൊരു ആക്ഷന്‍ ചിത്രമായ ബസൂക്കയിലാണ് മെഗാസ്റ്റാര്‍ ഇനിയെത്തുക. അതേസമയം തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയിലും മമ്മൂട്ടി അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഗൗതം വാസുദേവ് മേനോന്‍. സ്റ്റൈലിഷ് ആക്ഷന്‍ ചിത്രങ്ങള്‍ക്കും പ്രണയകഥകള്‍ക്കും പേരുകേട്ട സംവിധായകന്‍, സിനിമാ മേഖലയില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് മലയാളത്തില്‍ തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നത്. കന്നിസംരംഭത്തില്‍ മമ്മൂട്ടിയും നയന്‍താരയുമായിരിക്കും പ്രധാനവേഷങ്ങളില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടിയുടെ തന്നെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയായിരിക്കും എന്നും അറിയുന്നു.
സംവിധായകന്‍ മമ്മൂട്ടിയുമായി തിരക്കഥ ചര്‍ച്ച ചെയ്തു കഴിഞ്ഞെന്നും മെഗാസ്റ്റാറിന് തിരക്കഥ ഇഷ്ടപ്പെട്ടെന്നുമാണ് വിവരം. പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ 2025ല്‍ മലയാള സിനിമയ്ക്ക് ലഭിക്കുന്ന മറ്റൊരു സൂപ്പര്‍ ഹിറ്റ് ആയിരിക്കും ഈ ചിത്രമെന്ന് പ്രതീക്ഷിക്കാം. നായികയായി നയന്‍താരകൂടി എത്തുമ്പോള്‍ എട്ടുവര്‍ഷത്തിനു ശേഷം മമ്മൂട്ടി-നയന്‍താര കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here