‘വില്ലൻ മമ്മൂട്ടി’യുടെ രൂപ പരിണാമങ്ങൾ; ‘ഭ്രമയുഗം’ എത്തുംമുമ്പേ ഒരു തിരിഞ്ഞുനോട്ടം

മമ്മൂട്ടി എന്ന താരം തന്റെ കച്ചവട സാധ്യതകളെ പൂര്‍ണമായും അഴിച്ചുവച്ച് കഥാപാത്രമാകാന്‍ ഏതറ്റംവരെയും പോകുമെന്നതിന് പലകാലങ്ങളിലായി പല ഉദാഹരണങ്ങള്‍ക്ക് മലയാളികള്‍ സാക്ഷിയായിട്ടുണ്ട്. നായകപദവിയില്‍ അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും നായകന്റെ കുപ്പായമൂരി വില്ലന്‍ വേഷങ്ങളിലേക്ക് മമ്മൂട്ടി പരകായപ്രവേശം നടത്തുന്നത് നാം എത്രയോ തവണ കണ്ടിരിക്കുന്നു. വെള്ളിത്തിരയില്‍ മമ്മൂട്ടി വില്ലനായി എത്തിയപ്പോഴെല്ലാം വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവച്ചത്. മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം നാളെ തിയറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുമ്പോള്‍ കൊടുമണ്‍ പോറ്റിയെന്ന മമ്മൂട്ടി കഥാപാത്രം വില്ലനാണോ നായകനാണോ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷര്‍. അതിന് മുമ്പായി മമ്മൂട്ടിയെ വില്ലന്‍ കഥാപാത്രങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

കൂടെവിടെ

പത്മരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൂടെവിടെ. ആലീസ് എന്ന അധ്യാപികയായി സുഹാസിനിയും രവി പുത്തൂരാന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയായി റഹ്‌മാനും എത്തിയ ചിത്രത്തില്‍ ക്യാപ്റ്റന്‍ തോമസ് എന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കാമുകിയായ ആലീസിന് തന്റെ വിദ്യാര്‍ഥി രവിയോട് തോന്നുന്ന വാത്സല്യത്തില്‍ അസ്വസ്ഥനാകുന്ന ക്യാപ്റ്റന്‍ തോമസ് മനപൂര്‍വമല്ലെങ്കിലും രവിയുടെ ജീവനെടുക്കുന്നു. അടിമുടി തന്റെ ആണ്‍ ഐഡന്റിറ്റിയില്‍ അഭിരമിക്കുന്ന കഥാപാത്രമാണ് തോമസ്. ടോക്‌സിക് ബന്ധങ്ങളെക്കുറിച്ച് ആദ്യമായി സംസാരിച്ച മലയാള സിനിമകൂടിയാകാം കൂടെവിടെ.

വിധേയന്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ 1993ലാണ് റിലീസ് ചെയ്തത്. ഭാസ്‌കര പട്ടേലര്‍ എന്ന ക്രൂരനും സ്വേച്ഛാതിപതിയുമായ ജന്മി കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ കൈകാര്യം ചെയ്തത്. അതിക്രൂരനായ വില്ലനെങ്കിലും ബുദ്ധിമാനായ കുറ്റവാളി. ക്രൂരമായ അട്ടഹാസത്തിനു പിന്നില്‍ പട്ടേലര്‍ തന്റെ കുറ്റങ്ങളെ ഒളിപ്പിച്ചു. മലയാള സിനിമയിലെ ഏറ്റവും മികച്ച വില്ലന്‍ കഥാപത്രങ്ങളിലൊന്നായ ഭാസ്‌കര പട്ടേലര്‍ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ കഥാപാത്രത്തെ അഡോള്‍ഫ് ഹിറ്റ്‌ലറുമായാണ് ജര്‍മന്‍ മാധ്യമങ്ങള്‍ അക്കാലത്ത് താരതമ്യം ചെയ്തത്

പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ

രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം 2009ലാണ് തിയറ്ററുകളില്‍ എത്തിയത്. മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ്, ഹരിദാസ് എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ‘ഒരു മാണിക്യത്തിനെയല്ല, ഒമ്പത് മാണിക്യത്തിനെ കൊന്നാലും ആരും ചോദിക്കുകേല’ എന്ന ഗര്‍വിന്റെ മറുപേരാണ് ചിത്രത്തിലെ വില്ലനായ അഹമ്മദ് ഹാജി. ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടിക്ക് നേടിക്കൊടുത്ത ചിത്രം.

മുന്നറിയിപ്പ്

2014ല്‍ വേണുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മുന്നറിയിപ്പ്’ എന്ന ചിത്രം കണ്ട് പുറത്തിറങ്ങിയ പ്രേക്ഷകരുടെ കൂടെപ്പോന്നൊരു ചിരിയുണ്ട്; അത് സി.കെ. രാഘവന്റെ ചിരിയായിരുന്നു. കൊലപാതക്കുറ്റത്തിന് ശിക്ഷിപ്പെട്ട് ജയിലില്‍ കഴിയുന്ന രാഘവന്‍ ദീര്‍ഘകാലത്തിനു ശേഷമാണ് പുറത്തിറങ്ങുന്നത്. സിനിമയിലുടനീളം അയാള്‍ സൗമ്യനും ശാന്തനുമാണ്. എന്നാല് ക്ലൈമാക്‌സിലെ ചിരിയും അതിന്റെ തുടര്‍ച്ചായി സംഭവിക്കുന്ന കൊലപാതകവും രാഘവന്റെ ഉള്ളിലെ ചെകുത്താനെ പുറത്തെടുക്കുന്നതാണ്. മമ്മൂട്ടിയുടെ അഭിനയജീവതത്തിലെ ഏറ്റവും തിളക്കമാര്‍ന്നൊരു ഷോട്ട് കൂടിയായിരുന്നു അത്.

പുഴു

ജാതിക്കോമരമായ കുട്ടനെയാണ് പി.ടി. രത്തീന സംവിധാനം ചെയ്ത പുഴുവില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. 2022ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ കുട്ടന്‍ എന്ന മമ്മൂട്ടി കഥാപാത്രം സഹാനുഭൂതി തൊട്ടുതീണ്ടിയിട്ടില്ലാത്ത മനുഷ്യനാണ്. ശാരീരികമായും മാനസികമായും മറ്റുള്ളവരെ പീഡിപ്പിക്കുന്നതിലൂടെയാണ് അയാള്‍ തന്റെ അധികാരം ഉറപ്പിക്കുന്നത്. ആര്‍ക്കുമുകളിലും തനിക്ക് അധികാരമുണ്ടെന്ന് അയാള്‍ വിശ്വസിക്കുന്നു. വെറുപ്പും വിദ്വേഷവുമാണ് കുട്ടന്‍.

ഈ കഥാപാത്രങ്ങളോട് ചേര്‍ത്തുവയ്ക്കാവുന്നതാണോ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കഥകളിയിലെ കത്തിവേഷത്തിന് സമാനമായാണ് പുറത്തിറങ്ങിയ പോസ്റ്ററുകളിലൊന്നില്‍ മമ്മൂട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊരു പോസ്റ്ററില്‍ തലയോട്ടികള്‍ക്കും അസ്ഥികൂടങ്ങള്‍ക്കും മുന്നിലിരുന്ന് പൂജ ചെയ്യുന്ന കൊടുമണ്‍ പോറ്റിയെയും കാണാം. ഇതില്‍നിന്നു മമ്മൂട്ടി കഥാപാത്രം ഒരു ദുര്‍മന്ത്രവാദിയാണെന്നാണ് മനസിലാക്കാനാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top