മമ്മൂട്ടി ബ്രേക്ക് എടുക്കുന്നു; തിരിച്ചെത്തുന്നത് മഹേഷ് നാരായണന്റെ സിനിമയിലേക്കെന്ന് റിപ്പോര്‍ട്ട്
ഒന്നിനു പുറകെ ഒന്നായി മൂന്ന് സൂപ്പര്‍ ഹിറ്റ് സിനിമകളാണ് പോയ നാളുകളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി തിയറ്ററുകളിലെത്തെിയത്. മമ്മൂട്ടി കമ്പനി തന്നെ നിര്‍മിച്ച കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍: ദി കോര്‍, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഹിറ്റ്‌മേക്കര്‍ വൈശാഖിന്റെ ടര്‍ബോ എന്ന സിനിമയുടെ ചിത്രീകരണവും പൂര്‍ത്തിയായി. റമദാന്‍ മാസം അടുത്തിരിക്കെ അഭിനയത്തില്‍ നിന്നും കുറച്ചുനാള്‍ ഇടവേളയെടുക്കാനാണ് മെഗാസ്റ്റാറിന്റെ തീരുമാനം. ഒരു മാസത്തേക്കാണ് ബ്രേക്ക് എന്നാണ് വിവരം. ഭാര്യ സുല്‍ഫത്തിനും കുടുംബത്തിനുമൊപ്പം വിദേശ യാത്രകള്‍ക്കും മറ്റുമായി ഈ സമയം വിനിയോഗിക്കും.
ഏപ്രില്‍ മാസത്തോടെ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും കേന്ദ്രകഥാപാത്രമായി മമ്മൂട്ടി എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. ഏപ്രില്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തും.
വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ, ഡിനോ ഡെന്നിസിന്റെ ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ടര്‍ബോ ആക്ഷന്‍-കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. ജൂണില്‍ ചിത്രം തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ബസൂക്കയുടെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here