പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമുണ്ട്; മുരളി ഗോപിയുടെ വെളിപ്പെടുത്തല്‍

ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യുമ്പോള്‍ പൃഥ്വിരാജ് പറഞ്ഞത്, ഒരു ആരാധകന്‍ എന്ന നിലയില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്ന വിന്റേജ് മോഹന്‍ലാലിനെയാണ് തന്റെ കന്നിച്ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നായിരുന്നു. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ബ്രോഡാഡി ഒരുക്കി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ പണിപ്പുരയിലാണ്. അപ്പോഴെല്ലാം പ്രേക്ഷകര്‍ ചോദിച്ചിരുന്നത് മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ് എന്നാണ് ഒരു സിനിമ ഒരുക്കുന്നത് എന്നായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ മമ്മൂട്ടിച്ചിത്രം ഒരുക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് നേരത്തെ പൃഥ്വിരാജും മനസ് തുറന്നിട്ടുണ്ട്. എന്നായിരിക്കും ആ ചിത്രം സംഭവിക്കുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മുരളി ഗോപി.

തന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു സിനിമ പ്ലാനില്‍ ഉണ്ടെന്നും എന്നാല്‍ എപ്പോഴായിരിക്കും അത് നടക്കുക എന്നതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും മുരളി ഗോപി പറഞ്ഞു. താനും പൃഥ്വിരാജും അങ്ങനെയൊരു സിനിമയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിലവില്‍ പൃഥ്വിരാജിന് അദ്ദേഹത്തിന്റെയും തനിക്ക് തന്റെയും സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഓണ്‍ലുക്കേഴ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.

നിലവില്‍ എമ്പുരാന്റെ ഗുജറാത്ത് ഷെഡ്യൂള്‍ ചിത്രീകരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രമായ സയ്യിദ് മസൂദിന്റെ ജീവിത പശ്ചാത്തലത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ചിത്രത്തിന്റെ ഗുജറാത്ത് ഷെഡ്യൂള്‍. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ ഗുജറാത്തിലെ ചിത്രീകരണത്തിന്റെ ഭാഗമാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ടീം എമ്പുരാന്‍ വീണ്ടും യുഎസ്എയിലേക്കും യുകെയിലേക്കും പോകും. വരും ദിവസങ്ങളില്‍ ശേഷിക്കുന്ന വിദേശ ഷെഡ്യൂളിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദുബായിലെ ചിത്രീകരണം കൂടി പൂര്‍ത്തിയായാല്‍ ടീം വീണ്ടും കേരളത്തിലേക്ക് മടങ്ങും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here