കറുപ്പിലും വെളുപ്പിലും പേടിനിറച്ച് ഭ്രമയുഗം; മമ്മൂട്ടി ചിത്രം പുതു കാഴ്ചാനുഭവമെന്ന് പ്രേക്ഷകർ, ടെക്നിക്കൽ ടീമിന് കയ്യടി

1964ല്‍ എ.വിന്‍സന്റ് പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച ‘ഭാര്‍ഗവീനിലയം’ എന്ന ഹൊറര്‍ ചിത്രത്തെ 2023ലാണ് ആഷിഖ് അബു ‘നീലവെളിച്ച’മാക്കി പുനരാവിഷ്‌കരിച്ചത്. മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രം ‘ഭാര്‍ഗവീനിലയം’ ഷഷ്ടിപൂര്‍ത്തി പിന്നിടുമ്പോഴാണ് 2024ല്‍ കറുപ്പും വെളുപ്പും കലര്‍ത്തി മറ്റൊരു ഹൊറര്‍ ചിത്രം എത്തുന്നത്; മമ്മൂട്ടിയുടെ ‘ഭ്രമയുഗം’. സിനിമാമേഖല സാങ്കേതികമായ കുതിച്ചുചാട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരു സിനിമ ഇറക്കി വിജയിപ്പിക്കുക എന്നത് ശ്രമകരമായൊരു ദൗത്യമാണ്. എന്നാല്‍ ആ ദൗത്യത്തില്‍ സംവിധായകന്‍ രാഹുല്‍ സദാശിവനും സംഘവും വിജയിച്ചു എന്നതാണ് ‘ഭ്രമയുഗം’ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്.
ഭയത്തിന്റെ അന്തരീക്ഷം അതിൻ്റെ തീവ്രതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലം സഹായിച്ചിട്ടുണ്ടെന്ന് റിവ്യൂകളില്‍ നിന്ന് വ്യക്തം. കളറില്ലാതെ കഥ പറയാനുള്ള തീരുമാനം ധീരമെന്ന് പലരും വിലയിരുത്തുന്നുണ്ട്. അതിനെ പൂര്‍ണമായും നീതീകരിക്കുന്ന മട്ടിലാണ് സിനിമയുടെ യാത്ര. കണ്ടുശീലിച്ചില്ലാത്ത പുതുമയും വന്യതയും ഇത് കൊണ്ടുവന്നിട്ടുണ്ട്. ജാതിയുടെയും അധികാരത്തിന്റെയും രാഷ്ട്രീയം പറയാന്‍ കറുപ്പും വെളുപ്പും കലര്‍ന്ന കഥപറച്ചില്‍ സഹായിച്ചിട്ടുണ്ട്. കൊടുമണ്‍ പോറ്റിയുടെ നിഗൂഢതകളുടെ ചുരുളഴിയാന്‍ നിറമില്ലായ്മയാണ് ഏറ്റവും നല്ലതെന്നും പ്രേക്ഷകർ പറയുന്നു.
കറുപ്പും വെളുപ്പും ചേര്‍ന്ന ദൃശ്യങ്ങള്‍ കാലത്തിന്റെയും സാഹചര്യങ്ങളുടെയും വര്‍ണമില്ലായ്മയെ ചിത്രീകരിക്കുന്നതോടൊപ്പം റെട്രോ ക്ലാസിക്കുകള്‍ ആസ്വദിച്ചിരുന്ന രീതിയെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. നിറത്തിന്റെ അഭാവം കഥയുടെയും പ്രകടനങ്ങളുടെയും സുപ്രധാന ദിശകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രേക്ഷരെ സഹായിക്കുന്നു.
ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ഷെഹ്നാദ് ജലാലിന്റെ ക്യാമറയും ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും കൂടിയാണ് ‘ഭ്രമയുഗ’ത്തിന്റെ നട്ടെല്ലെന്ന് നിസ്സംശയം പറയാം.
അതേസമയം, ‘ഭ്രമയുഗം’ ‘എല്ലാവരുടെയും കപ്പിലെ ചായയല്ല’ (not everyone’s cup of tea) എന്നതും വസ്തുതയാണ്. പതിഞ്ഞ താളത്തിലുള്ള കഥപറച്ചില്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ചിത്രം ഇഷ്ടപ്പെടണമെന്നില്ല. കുടുംബപ്രേക്ഷകരെ ആകർഷിക്കാനും കഴിയുമെന്ന് തോന്നുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here