2024ലും മമ്മൂട്ടി വിസ്മയം തീർക്കുമോ! ഭ്രമയുഗം പുത്തൻ പോസ്റ്റർ

2022-ൽ പുറത്തിറങ്ങിയ ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാഹുൽ സദാശിവനൊപ്പമാണ് മമ്മൂട്ടിയുടെ അടുത്ത ചിത്രം. ഭ്രമയുഗം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ അസാധാരണ ലുക്ക് പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ, 2024 പുതുവർഷം പിറന്ന ദിവസം, ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്ററുമായി മമ്മൂട്ടി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. 2024ലും ഞാനിങ്ങെടുന്നുവെന്ന് പറയാതെ പറയുന്നു.

കഥകളിയിലെ ‘ചുവന്ന താടി’, ‘കത്തി വേഷം’ തുടങ്ങിയ കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു വലിയ കിരീടവും തലയിലേന്തിയാണ് പുതിയ പോസ്റ്ററിൽ മമ്മൂട്ടിയെ കാണാവുന്നത്. കിരീടത്തിൽ രണ്ട് ജോഡി കൊമ്പുകളും ഘടിപ്പിച്ചിരിക്കുന്നു. ദംഷ്ട്രകളെ ഓർമിപ്പിക്കും വിധത്തിലുള്ള പല്ലുകളാണ് താരത്തിന് പോസ്റ്ററിൽ. ഒപ്പം തെയ്യത്തെ ഓർമ്മിപ്പിക്കും വിധമുള്ള വെള്ളിക്കണ്ണും. മുഖത്ത് ചുട്ടികുത്തിയിട്ടുണ്ട്. ഒരിക്കൽ കൂടി മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള വേഷഷത്തിലെത്തുകയാണോ എന്ന് സംശയിപ്പിക്കും വിധത്തിലാണ് പോസ്റ്റർ.

വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊ‍ഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

കൊച്ചിയും ഒറ്റപ്പാലവുമാണ് ഭ്രമയുഗത്തിന്റെ പ്രധാന ലൊക്കേഷനുകൾ. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ഭ്രമയുഗത്തിന്റെ റിലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top