കൊലച്ചിരിയുമായി മമ്മൂട്ടി; ‘എന്റെ മനയിലേക്ക് സ്വാഗതം’, ‘ഭ്രമയുഗം’ ടീസര്‍
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റെ ടീസര്‍ എത്തി. 2022ല്‍ പുറത്തിറങ്ങിയ ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ഹൊറര്‍ ത്രില്ലര്‍ ‘ഭ്രമയുഗം’ പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സൂചന. ഭീതിപ്പെടുത്തുന്ന ഒരു മനയും അതിനെ ചുറ്റിപ്പറ്റിനടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഉള്ളടക്കം എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ടീസറില്‍ പ്രത്യക്ഷപ്പെടുന്നു. രണ്ടു മിനിട്ടിലധികം ദൈര്‍ഘ്യമുള്ള ടീസര്‍ പൂര്‍ണമായും പ്രേക്ഷകരെ ഭയത്തിന്റെ ചുഴിയിലേക്കെറിയുന്നതാണ്.
ജനുവരി 1ന് ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ മമ്മൂട്ടി പങ്കുവച്ചിരുന്നു. കഥകളിയിലെ ‘ചുവന്ന താടി’, ‘കത്തി വേഷം’ തുടങ്ങിയ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു വലിയ കിരീടവും തലയിലേന്തിയാണ് പുതിയ പോസ്റ്ററില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. കിരീടത്തില്‍ രണ്ട് ജോഡി കൊമ്പുകളും ഘടിപ്പിച്ചിരുന്നു. ദംഷ്ട്രകളെ ഓര്‍മിപ്പിക്കും വിധത്തിലുള്ള പല്ലുകളായിരുന്നു താരത്തിന് പോസ്റ്ററില്‍. ഒപ്പം തെയ്യത്തെ ഓര്‍മ്മിപ്പിക്കും വിധമുള്ള വെള്ളിക്കണ്ണും മുഖത്ത് ചുട്ടിയും.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here