കമല്‍ഹാസന്റെ ‘ഇന്ത്യന്‍ 2’വിനെ പിന്നിലാക്കി മമ്മൂട്ടിയുടെ ‘ടര്‍ബോ’; ഇനി മുന്നിലുള്ളത് പ്രഭാസിന്റെ ‘കല്‍ക്കി 2898’; റിലീസ് മെയ് 23ന്
പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ടര്‍ബോ. ഇത് വെറുതേ പറയുന്നതല്ല, തെളിവുണ്ട്. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം. കമല്‍ഹാസന്റെ ഇന്ത്യന്‍ 2വിനെയും മറികടന്നാണ് ടര്‍ബോയുടെ നേട്ടം. ഒന്നാം സ്ഥാനത്ത് പ്രഭാസിന്റെ കല്‍ക്കി 2898 ആണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. മെയ് 23നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ഇതുവരെ മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളായിരുന്നു എന്നതുകൂടിയാണ് ടര്‍ബോയിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷി ഇരട്ടിപ്പിക്കുന്നത്.
പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ജീപ്പ് ഡ്രൈവറായ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ടര്‍ബോ ഒരുങ്ങുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 200 കിലോമീറ്റര്‍ സ്പീഡ് ചേസിങ് വരെ ചിത്രീകരിക്കാന്‍ സാധിക്കുന്ന ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ പര്‍സ്യുട്ട് ക്യാമറയാണ് ടര്‍ബോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ട്രാന്‍ഫോര്‍മേഴ്സ്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പോലുള്ള ഹോളിവുഡ് ചിത്രങ്ങളിലും ബോളിവുഡില്‍ പഠാന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും ഉപയോഗിച്ച ക്യാമറയാണിത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here