​​ഇന്ന് മമ്മൂട്ടിക്ക് 72-ാം പിറന്നാൾ​

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ. മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാൾ ആകുമ്പോഴും കേരളം ചോദിക്കുന്നത്.

നീണ്ട 52 വർഷത്തെ കരിയറിൽ 400-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2023ൽ കേരളത്തില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച റിലീസ്‍ദിന കളക്ഷന്‍ നേടിയ കൂട്ടത്തിൽ മമ്മൂട്ടിയുടെ ചിത്രങ്ങളായ ക്രിസ്റ്റഫറും( 1.7 കോടി), നന്‍പകല്‍ നേരത്ത് മയക്കവും(1.02 കോടി) ഉണ്ട്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡും, എട്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും, 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡും, കൂടാതെ 13 ഫിലിം ഫെയർ അവാർഡുകളും നേടിയിട്ടുണ്ട്.

ഇപ്പോഴിതാ വമ്പൻ ബെർത്‍ഡേ സർപ്രൈസ് ആണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്.
ഫെൻസിംഗ് മത്സരത്തിന്‍റെ ജഴ്സിയും ഹെൽമറ്റും വാളുമേന്തിയിരിക്കുന്നൊരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ സ്റ്റൈലാണോ അതോ ഏതെങ്കിലും പരസ്യ ചിത്രത്തിന്‍റേതാണോ എന്നാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചകള്‍ തുടങ്ങിയിരിക്കുന്നത്.


‘തൂഷെ’ എന്ന് എഴുതിക്കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്. ഫെൻസിംഗിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്. എന്നാൽ ചിത്രത്തോടൊപ്പം സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനേയും സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഷാനി ഷാകിയേയും ഒരു ബ്രാൻഡിനെയും ടാഗ് ചെയ്തിട്ടുമുണ്ട്. ഇതോടെയാണ് ഏവർക്കും സംശയം ഉടലെടുത്തിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണോ അതോ ബ്രാൻഡിന്റെ പരസ്യ ചിത്രത്തിന്‍റെ സ്റ്റില്ലാണോ എന്നൊക്കെയാണ് പലരും ചിത്രത്തിന് താഴെ കമന്‍റുകളിലൂടെ ചോദിച്ചിരിക്കുന്നത്. ഏതായാലും ജന്മദിന തലേന്ന് തന്നെ സോഷ്യൽമീഡിയയിലാകമാനം ഈ ലുക്ക് ചർച്ചയായി മാറിയിരിക്കുകയാണ്.

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തേയും പോലെ ഇക്കുറിയും ഫാൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ലോകമെമ്പാടും രക്തദാനം നടക്കുന്നുണ്ട്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ക്യാമ്പെയിന്‍റെ ഭാഗമായി ഇതിനോടകം ഏഴായിരം രക്തദാനം നടന്നതായാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ സംസ്ഥാന മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി 25,000 രക്തദാനമാണ് ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്നത്. കൂടാതെ മമ്മൂട്ടി അഭിനയിക്കുന്ന പുതിയ സിനിമയായ ‘കണ്ണൂർ സ്ക്വാഡി’ന്‍റെ ട്രെയിലറും ഇന്ന് പുറത്തിറങ്ങാനിരിക്കുന്നുണ്ട്. ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാലി’ന്റെയും ‘ഭ്രമയുഗ’ത്തിന്റെയും അപ്‍ഡേറ്റുകൾ ഉണ്ടാവുമെന്ന അഭ്യൂഹവും ആരാധകർക്കിടയിലുണ്ട്. ഏതായാലും ജന്മദിനത്തോടനുബന്ധിച്ച് തങ്ങളുടെ പ്രിയതാരം പങ്കുവെച്ച ഫെൻസിംഗ് ലുക്ക് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top