ആനയെ തുരത്താന്‍ പടക്കം പൊട്ടിച്ച് കേരളം; ശാസ്ത്രീയ പദ്ധതികളുമായി തമിഴ്‌നാട്; വന്യജീവി ശല്യത്തിന്റെ പേരില്‍ പൊടിക്കുന്ന കോടികള്‍ ഫലമില്ലാതെ പോകുന്നു
തിരുവനന്തപുരം : 2023ലെ ബജറ്റില്‍ വനാതൃത്തികളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ തടയുന്നതിന് മാത്രം 80 കോടി രൂപയാണ് വകയിരുത്തിയത്. വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുന്നതിനും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്നതിന് 30.85 കോടി രൂപയും സംഘര്‍ഷ മേഖലയിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് 50.85 കോടി രൂപയുമാണ് നീക്കിവച്ചത്. എന്നാല്‍ ഈ തുകയില്‍ എന്തൊക്കെ പദ്ധതി നടപ്പാക്കിയെന്നതില്‍ വ്യക്തമായ ഉത്തരമില്ല. സോളാര്‍ വേലി, ട്രെഞ്ച് നിര്‍മ്മാണം, ജൈവവേലി, നിരീക്ഷിക്കാന്‍ വാച്ചര്‍മാര്‍ ഇങ്ങനെ പ്രതിരോധിക്കാന്‍ നിരവധി പദ്ധതികളിലായി കോടികള്‍ ചിലവിട്ടു. കഴിഞ്ഞ വര്‍ഷം മാത്രം 58.4 കിലോമീറ്റര്‍ ട്രൈഞ്ചുകളുടെ അറ്റകുറ്റ പണിയും 42.6 കിലോമീറ്റര്‍ സൗരോര്‍ജ വേലിയും നിര്‍മ്മിച്ചുവെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതില്‍ നിന്നും ലഭിച്ച ഫലം വട്ടപൂജ്യമാണ്. വന്യമൃഗങ്ങള്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ വനത്തില്‍ നിന്ന് നാട്ടിലേക്ക് എത്തുന്നു. മുമ്പ് ആനയും പന്നിയുമായിരുന്നുവെങ്കില്‍ ഇന്ന് അത് പുലിയും കടുവയും കരടിയും കാട്ടുപോത്തുമൊക്കെയായി പട്ടിക വര്‍ദ്ധിക്കുകയാണ്.
ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വന്യജീവികളെ കാടിനുള്ളില്‍ തന്നെ നിര്‍ത്താന്‍ കഴിയുന്ന മാര്‍ഗങ്ങള്‍, ജലാംശം വലിച്ചെടുക്കുന്ന മരങ്ങളെ ഇല്ലാതാക്കി കൊണ്ടുള്ള പരീക്ഷണങ്ങള്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നാണ് ഇപ്പോഴും വനം വകുപ്പ് പറയുന്നത്. എന്നാല്‍ ഇത്രയും നാളായി എന്തുകൊണ്ട് ഇതൊന്നും നടന്നില്ലെന്നതിന് ഉത്തരമില്ല. മലയോരമേഖലകളില്‍ മാത്രമുണ്ടായിരുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഇപ്പോള്‍ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ദ്ധനവാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതിനാല്‍ എല്ലാവശങ്ങളും വിശദമായി പഠിച്ചുള്ള പരിഹാരമാണ് വേണ്ടതെന്നാണ് മലയോരമേഖലയിലുള്ളവരുടെ ആവശ്യം.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഡ്രോണുകള്‍, ആനയെ തടയാന്‍ തൂക്കിയിടാവുന്ന സൗരോര്‍ജ്ജവേലി, വന്യമൃഗങ്ങളെ അകറ്റി നിര്‍ത്തുന്ന ജൈവവേലി, വന്യമൃഗങ്ങളെത്തിയാല്‍ വിവരം കൈമാറാന്‍ എസ്എംഎസ് സംവിധാനവും വിപുലമായ വാട്‌സാപ്പ് ഗ്രൂപ്പും, ഉപഗ്രഹ സംവിധാനം, ജിഎസ്എം സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ചുള്ള നിരീക്ഷണം, ജല ലഭ്യത ഉറപ്പാക്കാന്‍ വനത്തിനുള്ളില്‍ ചെക്ക് ഡാമുകള്‍, ഇങ്ങനെ നിരവധി ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഒരു പദ്ധതി രേഖ വനം വകുപ്പ് 2021ല്‍ തയാറാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും പ്രവര്‍ത്തികമായില്ലെന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മനുഷ്യര്‍ വീടിന്റെ മുന്നില്‍ വച്ച് പോലും വന്യമൃഗങ്ങളാല്‍ ആക്രമിക്കപ്പെടുന്നു. പലരും മരിക്കുന്നു. ചിലര്‍ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെടുകയും ചെയ്യുന്നു. സര്‍ക്കാര്‍ ഇതൊന്നും അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല. ജനങ്ങള്‍ തെരുവിലിറങ്ങി കടുത്ത പ്രതിഷേധം നടത്തുകയാണെങ്കില്‍ മാത്രമാണ് ദുരന്തം നടന്നയിടത്തേക്ക് വനംമന്ത്രി പോലും എത്തുന്നത്.
കേരളത്തേക്കാള്‍ വനവിസ്തൃതിയുള്ള തമിഴ്‌നാട് ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലുകളാണ് നടത്തുന്നത്. വന്യമൃഗങ്ങള്‍ക്ക് അവയുടെ ആവാസവ്യവസ്ഥയില്‍ തന്നെ ഇഷ്ട ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തുകയാണ് ഇതില്‍ പ്രധാനം. ഇതിനായി വനത്തിനുളളില്‍ നിരവധി ടാങ്കുകള്‍ നിര്‍മ്മിക്കുകയും ഇതില്‍ വെള്ളമെത്തിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് ക്ഷാമമുണ്ടായാല്‍ അവയും എത്തിക്കും. ഇതിലൂടെ തന്നെ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് കുറയ്ക്കാനായി എന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണം തേടിയല്ലാതെ വനത്തിനുളളില്‍ നിന്നും പരിക്കേറ്റ മൃഗങ്ങളും നാട്ടിലിറങ്ങാം. ഇവയെ കണ്ടെത്താനും പിടികൂടി പുനരധിവസിപ്പിക്കാനും അഞ്ച് കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളാണ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. 10 കോടി രൂപ ചിലവിലാണ് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവര്‍ സോഫറ്റ്‌വെയര്‍ ഉപയോഗിച്ച് വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടോയെന്ന് ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് മനസിലാക്കാനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കി വിജയിച്ചതിനാലാണ് തമിഴ്‌നാടും അത് തിരഞ്ഞെടുത്തിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങള്‍ ഇങ്ങനെ പുത്തന്‍ സാങ്കിതിക വിദ്യകള്‍ കൂടി ഉള്‍പ്പെടുത്തി എങ്ങനെ ഫലപ്രദമായി മുന്നോട്ട് പോകാം എന്ന് പരിശോധിക്കുമ്പോഴാണ് കേരളം ഇപ്പോഴും ആനയെ കാണുമ്പോള്‍ പടക്കം പൊട്ടിക്കുന്ന രീതിയുമായി മുന്നോട്ടു പോകുന്നത്. ഇതില്‍ ഫലപ്രദമായ മാറ്റം അനിവാര്യമാണ്. സംസ്ഥാനത്ത് എട്ട് വര്‍ഷത്തിനിടെ 914 പേര്‍ക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. 2016-142, 2017-110, 2018-134, 2019-100, 2020-100, 2021-127, 2022-111, 2023-85, 2024-4 എന്നിങ്ങനെയാണ് കണക്കുകള്‍. ഈ കാലയളവില്‍ പരിക്കേറ്റവരുടെ എണ്ണം 7492 ആണ്. 2016-712, 2017-851, 2018-803, 2019-789, 2020-1159, 2021-1150, 2022-1211, 2023-817 എന്നിങ്ങനെയാണ് ഓരോ വര്‍ഷത്തേയും കണക്കുകള്‍. 55839 വന്യജീവി ആക്രമണമാണ് ഈ കാലയളവില്‍ സംസ്ഥാനത്തുണ്ടായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here