സ്റ്റേഷനില്‍ വെച്ച് തീ കൊളുത്തിയ യുവാവ് ഗുരുതര നിലയില്‍; അസ്വസ്ഥനാക്കിയത് പ്രണയനഷ്ടം; ആത്മഹത്യാശ്രമം നടത്തിയത് പരാതി പോലീസ് തീര്‍പ്പാക്കിവിട്ടശേഷം
പാലക്കാട്: ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാവശ്ശേരി സ്വദേശി രാജേഷ് (30) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 95 ശതമാനവും പൊള്ളലേറ്റ യുവാവ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
അടുത്തിടെ രാജേഷ് ഒരു യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. യുവതി താത്പര്യമില്ലെന്ന് പറഞ്ഞെങ്കിലും ഇയാള്‍ പിന്തിരിഞ്ഞില്ല. ഇയാളുടെ ശല്യം സഹിക്കവയ്യാതെ യുവതി ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി. ഇന്ന് രാവിലെ പോലീസ് ഇരുവരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിട്ടിരുന്നു.
രാവിലെ സ്റ്റേഷനില്‍ നിന്ന് പോയ യുവാവ് ഉച്ചയ്ക്ക് വീണ്ടുമെത്തി. സ്റ്റേഷന്റെ ഗെയിറ്റിനടുത്ത് വെച്ച് കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് മുന്നോട്ട് നടന്നു. പിന്നീട് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ പോലീസ് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here