‘എന്ത് വില കൊടുത്തും കടുവയെ വെടിവച്ച് കൊല്ലുക; ഇതെൻ്റെ ഉത്തരവാണ്’; ആദ്യാവസാനം ശക്തമായ നിലപാട് മുഖ്യമന്ത്രിയുടേത്

വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ച് കൊല്ലണമെന്നത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശക്തമായ നിലപാടായിരുന്നുവെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. പഞ്ചാരക്കൊല്ലിയിലെ ജനങ്ങളുടെ ആവശ്യമാണ് രാധയുടെ ജീവനെടുത്ത കടുവയെ കൊല്ലണം എന്നത്. മുഖ്യമന്ത്രിയോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്താലും വേണ്ടില്ല കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവിടണം. ഇത് തന്റെ തീരുമാനമാണ് എന്നാണ് പിണറായി പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ കൂടെ നില്‍ക്കാനാണ് താനും സര്‍ക്കാരും മുന്നണിയും ആഗ്രഹിക്കുന്നത്. ഉറപ്പ് നല്‍കിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്നും 29ാം തിയതി വീണ്ടും വിഡിയോ കോണ്‍ഫറന്‍സ് വഴിയോ നേരിട്ടോ ആലോചനാ യോഗങ്ങള്‍ നടത്തി വിഷയം മോണിറ്റര്‍ ചെയ്യുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. ജനകീയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കൂടെ ഉണ്ടാവും. വന്യജീവി സ്‌നേഹികള്‍ കോടതിയില്‍ പോകുന്ന നാടാണിത്. പോയി പോയി ഈ പരുവം ആയി. കോടതി നിന്ന് എന്തെങ്കിലും വന്നാല്‍ അപ്പോള്‍ നോക്കാം. ഒരു നാടിന്റെ പ്രശ്‌നമായി ഇതിനെ കാണുവെന്നും മന്ത്രി പറഞ്ഞു വ്യക്തമാക്കി.

Also read: ‘നീ പാട്ട് വെക്ക്, അയാൾ പാടട്ടെ’; മന്ത്രിയുടെ തൊലിയുരിച്ച് നാട്ടുകാർ; കാറിന് പുറത്തേക്ക് ഇറങ്ങാന്‍പോലും കഴിയാതെ ശശീന്ദ്രന്‍

പഞ്ചാരക്കൊല്ലിയിലെ ജനങ്ങളുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. ഇന്ന് രാധയുടെ വീട് സന്ദർശിക്കാനെത്തിയ മന്ത്രിയോട് മുമ്പ് നടത്തിയ പ്രസ്താവനകൾ പിൻവലിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. കാട്ടില്‍ വച്ച് രാധ ആക്രമിക്കപ്പെട്ടു, നാട്ടുകാരുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതം എന്ന പ്രസ്താവനകൾ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. ഇതിന് ശേഷമാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പറഞ്ഞതെന്നും മന്ത്രി ഇന്ന് വ്യക്തമാക്കി. ഈ സമരത്തെ എന്നല്ല, നേരത്തെ ഇതുപോലുള്ള ഏത് പ്രതിഷേധ സമരത്തെയും താന്‍ തള്ളി പറയില്ലെന്നും അത് അവരുടെ അവകാശമായി കാണുന്നയാളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വളരെ ക്രൂരം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് ഉണ്ടായതെന്ന് രാധയുടെ മരണത്തെ സൂചിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അത് സ്വാഭാവികമായും ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടാക്കും, പ്രതിഷേധമുണ്ടാക്കും, അത് രോഷപ്രകടനമായി മാറും. അത് സാധാരണയായി സംഭവിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഇന്ന് വൻജനരോഷത്തിന് ഇടയിലാണ് മന്ത്രി ശശീന്ദ്രൻ രാധയുടെ വീട്ടിലെത്തിയത്.
വഴിയില്‍ കിടന്നും ഇരുന്നും ജനങ്ങള്‍ പ്രതിഷേധിച്ചതോടെ മന്ത്രിക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി വീശൽ പ്രതിഷേധവും നടന്നു. രാധയുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി ശശീന്ദ്രൻ രാധയുടെ മകന്‍ അനിലിന് താത്കാലിക നിയമന ഉത്തരവ് കൈമാറിയ ശേഷമാണ് മടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top