കുറുവ ദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാൾ മരിച്ചു; ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് മരണം; വയനാട്ടില്‍ നാളെ യുഡിഎഫ്, എല്‍ഡിഎഫ് ഹര്‍ത്താല്‍
മാനന്തവാടി: കുറുവ ദ്വീപില്‍ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. കുറുവ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരൻ പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോളാണ് മരിച്ചത്. ചെറിയമല ജംഗ്ഷനിൽവച്ച് രാവിലെയാണ് കാട്ടാന പോളിനെ ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റ് വാരിയെല്ലിന് ഗുരുതര പരിക്കേറ്റ പോളിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുപേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അജീഷ് എന്ന കര്‍ഷകനെ കാട്ടാന ചവിട്ടി കൊന്നത്. മാനന്തവാടിയിൽ കാട്ടാന ശല്യം കൂടിവരികയും ജനങ്ങളുടെ ജീവന് ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് യുഡിഎഫ് നാളെ വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. എൽഡിഎഫും ഹർത്താലും നടത്തുന്നുണ്ട്.
വനപാതയിലൂടെ ദ്വീപിലേക്ക് പോകുന്ന റോഡിൽവച്ചാണ് കാട്ടാന പോളിനെ ആക്രമിച്ചത്. ആനയെ കണ്ട് ഓടിയ പോൾ കമിഴ്ന്ന് വീണു. പിന്നാലെയെത്തിയ ആന നെഞ്ചിൽ ചവിട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്. ജനങ്ങളും വലിയ പ്രതിഷേധത്തിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here