മുതലാളിയുടെ മകൻ അപമാനിച്ചു; മൂന്നര കോടി കവർന്ന് തൊഴിലാളിയുടെ പ്രതികാരം
മുതലാളിയുടെ മകൻ അപമാനിച്ചതിന് കമ്പനി ഓഫീസ് കൊള്ളയടിച്ച് തൊഴിലാളിയുടെ പ്രതികാരം. കാബ് ഡ്രൈവറാണ് താൻ ജോലി ചെയ്തിരുന്ന ട്രാൻസ്‌പോർട്ട് കമ്പനി ഓഫീസ് കൊള്ളയടിച്ച് മൂന്നര കോടി കവർന്നത്. ഡൽഹിയിലാണ് സംഭവം.
കമ്പനിയുടെ ഉടമയുടെ മകൻ തന്നെ അപമാനിച്ചതിന്റെ പേരിലാണ് കാബ് ഡ്രൈവർ ഉപേന്ദ്ര ഡൽഹിയിലെ കിസാൻ ഗജ് പ്രദേശത്തെ ബിക്കനേർ അസം ട്രാൻസ്പോർട്ട് കമ്പനി ഓഫീസ് കൊള്ളയടിക്കാൻ തീരുമാനിച്ചത്. ഇതിനായി കമ്പനിയിലെ ജോലിക്കാരനായ ട്രക്ക് ഡ്രൈവർ കൈലാഷ് ചൗഹാനെ കൂട്ടുപിടിച്ചു. കൊള്ളയടിക്കാൻ 15 പേരടങ്ങുന്ന സംഘത്തെ രൂപീകരിച്ചതായി പോലീസ് പറഞ്ഞു.
ട്രാൻസ്പോർട്ട് ഓഫീസിലെ പണമിടപാടുകളെക്കുറിച്ച് ഉപേന്ദ്രയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. ജൂലൈ 11 ന് കമ്പനിയിൽ മൂന്നര കോടിയുടെ ഇടപാട് നടന്നു. ഇതു മനസിലാക്കിയ ഉപേന്ദ്ര രാത്രിയിൽ തന്റെ സംഘവുമായി ഓഫീസിൽ എത്തുകയും ഓഫീസ് ജീവനക്കാരെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം കൊള്ളയടിക്കുകയായിരുന്നു.
കവർച്ചയ്ക്ക് ഉപയോഗിച്ച കാർ സിസിടിവിയുടെ സഹായത്തോടെ പോലീസ് കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. ഇതുവരെ 12 പ്രതികൾ പിടിയിലായിട്ടുണ്ട്. മൂന്നുപേർ ഒളിവിലാണ്. മധ്യപ്രദേശിലെ ഖജുരാഹോ, ബിന്ദ്, ഉത്തരാഖണ്ഡിലെ നൈനിറ്റാൾ, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങി കവർച്ചയിൽ ഉൾപ്പെട്ട പ്രതികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. പ്രതികളിൽനിന്നും 1.15 കോടി രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here