പൊലീസ് സ്റ്റേഷനുള്ളിൽ അമ്മയെ തീ കൊളുത്തി; ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് മകൻ
പൊലീസുകാർ നോക്കിനിൽക്കെ അമ്മയെ തീ കൊളുത്തിയശേഷം ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് മകൻ. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു സ്ത്രീ പൊലീസ് സ്റ്റേഷനിലേക്ക് ഓടി കയറുന്നതും പുറകേയെത്തിയ ഒരാൾ തീ കൊളുത്തുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം. തീ കൊളുത്തിയ യുവാവ് കൊല്ലപ്പെട്ട സ്ത്രീയുടെ മകനാണെന്ന് പൊലീസ് പറഞ്ഞു.
അലിഗഡിലെ ഖെയ്ർ പൊലീസ് സ്റ്റേഷനിലായിരുന്നു നടുക്കുന്ന സംഭവം ഉണ്ടായത്. ദേഹത്ത് പെട്രോളുമായാണ് സ്ത്രീ പൊലീസ് സ്റ്റേഷനകത്തേക്ക് ഓടിക്കയറിയത്. അവരുടെ കയ്യിൽ ലൈറ്ററും ഉണ്ടായിരുന്നു. സ്ത്രീയുടെ കയ്യിൽനിന്നും പൊലീസുകാർ ലൈറ്റർ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു. ഉടൻ തന്നെ തൊട്ടടുത്തുനിന്ന മകൻ ലൈറ്റർ ഉപയോഗിച്ച് അമ്മയെ തീ കൊളുത്തുകയായിരുന്നു. അതിനുശേഷം ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു. തീ ആളിപ്പടർന്നതോടെ എല്ലാവരും പിറകോട്ട് നീങ്ങി. അപ്പോഴും അമ്മ കത്തിയമരുന്ന ദൃശ്യങ്ങൾ മകൻ ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് പൊലീസുകാർ പറഞ്ഞു.
പൊലീസുകാർ ഉടൻ തന്നെ തീ അണച്ച് സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരിച്ചു. സംഭവത്തിൽ 22 കാരനായ മകൻ അറസ്റ്റിലായിട്ടുണ്ട്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here