ഭോപ്പാൽ മ്യൂസിയത്തിൽ 15 കോടിയുടെ കവർച്ചക്ക് ശ്രമിച്ചയാളെ അബോധാവസ്ഥയിൽ കണ്ടെത്തി; ട്വിസ്റ്റ് ചുരുളഴിച്ചെടുക്കാൻ പോലീസ് ശ്രമം

മ്യൂസിയത്തിൽനിന്നും കോടികളുടെ പുരാവസ്തുക്കൾ കവർന്ന മോഷ്ടാവിനെ കെണിയിലാക്കി മതിൽ. മോഷണശേഷം മതിൽ കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് കള്ളന് വിനയായത്. താഴെ വീണ് അബോധാവസ്ഥയിലായ കള്ളനെ പോലീസ് പിടികൂടുകയായിരുന്നു. ഭോപ്പാലിലാണ് സംഭവം.

ബോളിവുഡ് ചിത്രമായ ‘ധൂം 2’ ലെ ഹൃത്വിക് റോഷന്റെ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഭോപ്പാലിലെ സ്റ്റേറ്റ് മ്യൂസിയത്തിൽ വിനോദ് യാദവ് എന്ന കള്ളൻ മോഷണം നടത്താൻ തീരുമാനിച്ചത്. ഞായറാഴ്ചയാണ് ഇയാൾ ടിക്കറ്റെടുത്ത് മ്യൂസിയത്തിലേക്ക് കടന്നത്. അതിനുശേഷം മ്യൂസിയം വൈകീട്ട് അടയ്ക്കുന്നതുവരെ ഗോവണിക്കു പിന്നിൽ ഒളിച്ചിരുന്നു.

തിങ്കളാഴ്ച മ്യൂസിയം തുറന്നിരുന്നില്ല. ആ സമയത്താണ് രണ്ടു ഗ്യാലറി റൂമുകളുടെ പൂട്ടുപൊളിച്ച് പുരാവസ്തുക്കൾ കവർന്നത്. ചൊവ്വാഴ്ച മ്യൂസിയം തുറന്നപ്പോഴാണ് കോടികൾ വിലവരുന്ന പുരാവസ്തുക്കൾ നഷ്ടപ്പെട്ടതായി ജീവനക്കാർ കണ്ടെത്തിയത്. ഉടനെ പോലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മതിലിനു സമീപത്തായി വിനോദ് യാദവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇയാളുടെ പക്കൽ വലിയൊരു ബാഗും ഉണ്ടായിരുന്നു. ഇതിനകത്തുനിന്നും 15 കോടി വില വരുന്ന സ്വർണ നാണയങ്ങളും ആഭരണങ്ങളും കണ്ടെത്തി. മോഷണശേഷം 25 അടിയുടെ മതിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ യാദവ് താഴെ വീഴുകയും കാലിന് പരുക്കേൽക്കുകയും ചെയ്തതായാണ് പോലീസ് സംശയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top