വിനോദസഞ്ചാര കേന്ദ്രത്തിൽ ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയെ പീഡിപ്പിച്ചു; ഞെട്ടിക്കുന്ന അതിക്രമം ഷൂട്ട് ചെയ്ത് പ്രതികൾ
മധ്യപ്രദേശിൽ ഭർത്താവിനെ മരത്തിൽ കെട്ടിയിട്ടശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗ ദൃശ്യം മൊബൈൽ പകർത്തിയ പ്രതികൾ പോലീസിൽ പരാതി നൽകിയാൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. റിവായിലെ ഒരു ക്ഷേത്രപരിസരത്തിന് സമീപമുള്ള വിനോദ സഞ്ചാര കേന്ദ്രത്തിൽവച്ചാണ് ദമ്പതികൾ ആക്രമിക്കപ്പെട്ടത്.
അടുത്തിടെ വിവാഹിതരായ ദമ്പതികൾ ഉല്ലാസ യാത്രയ്ക്ക് എത്തിയതായിരുന്നു. ദമ്പതികളെ കണ്ടതും മദ്യലഹരിയിലായിരുന്ന പ്രതികൾ അവരെ പിന്തുടരുകയും തുടർന്ന് ഭർത്താവിനെ ആക്രമിക്കുകയുമായിരുന്നു. ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചശേഷം മണിക്കൂറുകളോളം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചുപേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് ഇയാൾ നൽകിയ വിവരം. എന്നാൽ, പോലീസ് ഏഴു പേരെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് മറ്റൊരു ബലാത്സംഗ കേസും പുറത്തുവന്നിട്ടുണ്ട്. മാനസികപ്രശ്നമുള്ള സ്ത്രീയെ ദിവസക്കൂലിക്കാരനാണ് പീഡിപ്പിച്ചത്. സദർ ബസാർ മേഖലയിൽ അർദ്ധനഗ്നയായി രക്തം വാർന്ന നിലയിൽ അലഞ്ഞുതിരിയുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽനിന്നും പ്രതിയായ സോനുവിനെ പോലീസ് തിരിച്ചറിയുകയും പിടികൂടുകയും ചെയ്തിട്ടുണ്ട്.
സോനു മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് സ്ത്രീയെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. ബലാത്സംഗം ചെയ്തതായി സോനു സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ വർധിക്കുന്നതിൽ ഭരണ പാർട്ടിയായ ബിജെപിയെ കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി. മകൾ റോഡിൽ നഗ്നയായി നിൽക്കുമ്പോൾ മുഖ്യമന്ത്രി ഒരു പരിപാടിയിൽ തിരക്കിലാണെന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി എക്സിൽ എഴുതിയത്. “നമ്മുടെ പെൺമക്കളുടെ അവസ്ഥയെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ദേഷ്യവും ആശങ്കയും ഉണ്ട്. അവർക്കെതിരായ കുറ്റകൃത്യങ്ങൾ അവസാനിക്കുന്നില്ല, പക്ഷേ മുഖ്യമന്ത്രി കണ്ണടച്ച് ഇരിക്കുകയാണ്,” പട്വാരി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here