വന്യമൃഗങ്ങൾ ജീവനെടുത്തത് 910 പേരുടെ; പരിക്കേറ്റവര്‍ 7493; കോടികളുടെ കൃഷി നാശം; മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ എട്ട് വര്‍ഷത്തെ കണക്കുകള്‍ ഞെട്ടിക്കുന്നത്

തുരവനന്തപുരം : വന്യമൃഗ ആക്രമണത്തില്‍ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ മരണമാണ് ഇന്ന് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്. മാനന്തവാടിയില്‍ അജീഷിന്റെ ജീവനെടുത്തത് ആനയാണെങ്കില്‍ ഡിസംബര്‍ 9ന് കല്‍പ്പറ്റയില്‍ വില്ലനായത് കടുവയായിരുന്നു. ഇത് വയനാട്ടിലെ മാത്രം സംഭവമല്ല. വനമേഖലയുമായി അടുത്ത് കിടക്കുന്നിടങ്ങളിലെല്ലാം മനുഷ്യ വന്യമൃഗ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയാണ്. വലിയ രീതിയില്‍ വന്യമൃഗങ്ങള്‍ കാടിറങ്ങി നാട്ടിലേക്കെത്തുകയാണ്.
എട്ട് വര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത് 910പേര്‍ക്ക്
സംസ്ഥാനത്ത് എട്ട് വര്‍ഷത്തിനിടെ 911 പേര്‍ക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. 2016-142, 2017-110, 2018-134, 2019-100, 2020-100, 2021-127, 2022-111, 2023-85, 2024-1 എന്നിങ്ങനെയാണ് കണക്കുകള്‍. ഈ കാലയളവില്‍ പരിക്കേറ്റവരുടെ എണ്ണം 7492 ആണ്. 2016-712, 2017-851, 2018-803, 2019-789, 2020-1159, 2021-1150, 2022-1211, 2023-817 എന്നിങ്ങനെയാണ് ഓരോ വര്‍ഷത്തേയും കണക്കുകള്‍. 55839 വന്യജീവി ആക്രമണമാണ് ഈ കാലയളവില്‍ സംസ്ഥാനത്തുണ്ടായത്. 68 കോടിയുടെ കൃഷിനാശവും ഇത്തരം സംഭവങ്ങളിലൂടെ ഉണ്ടായിട്ടുണ്ട്.
നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കുന്നില്ല
വന്യജീവി ആക്രണങ്ങളില്‍ മരിക്കുന്നവരുടെ കേസുകളില്‍ പോലും കൃത്യമായി നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 വരെ 909 പേര്‍ക്ക് മരണം സംഭവിച്ചപ്പോള്‍ 706 പേര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. മറ്റുളളവര്‍ നഷ്ടപരിഹാരം കാത്തിരിക്കുകയാണ്. പരിക്കേറ്റ 7492 പേരില്‍ 6059 പേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. 6773 പേരാണ് ഇനിയും നഷ്ടപരിഹാരം കാത്തിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here