കാട്ടാന ജീവനെടുത്തത് ആരുടെ അനാസ്ഥ; പഴിചാരി കേരള-കര്‍ണാടക വനംവകുപ്പുകള്‍; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: മാനന്തവാടിയില്‍ കാട്ടാന ജനവാസകേന്ദ്രത്തിലിറങ്ങി ഒരാളെ ആക്രമിച്ച് കൊന്ന സംഭവത്തില്‍ കടുത്ത പ്രതിഷേധം തുടരുന്നു. കൊല്ലപ്പെട്ട അജീഷിന്‍റെ മൃതദേഹവുമായാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെയാണ് പയ്യമ്പള്ളി പടമലയില്‍ കാട്ടാന ആക്രമണത്തില്‍ അജീഷ് കൊല്ലപ്പെട്ടത്. ആനയെക്കണ്ട് സമീപത്തെ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ അജിയെ മതില്‍ തകര്‍ത്ത് വന്നാണ് ആക്രമിച്ചത്.

മെഡിക്കല്‍ കോളജിലേക്ക് എത്തിയ വയനാട് എസ്പി ടി.നാരായണന്റെ വാഹനം ജനങ്ങള്‍ തടഞ്ഞു. റോഡിലിറങ്ങി ആശുപത്രിയിലേക്ക് നടന്ന എസ്പിയെ പലയിടത്തും ജനങ്ങള്‍ വളഞ്ഞു. എസ്പി ഗോ ബാക്ക് വിളികളും മുഴങ്ങി. വനംമന്ത്രി സ്ഥലത്തെത്താതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

അതേസമയം സംഭവത്തില്‍ കേരള-കര്‍ണാടക വനംവകുപ്പുകള്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്. പല തവണ കത്തയച്ചിട്ടും സിഗ്നലുകള്‍ ലഭിക്കാന്‍ വേണ്ട ആന്‍റിനയും റിസീവറും കർണാടക കൈമാറിയില്ല. അതുകൊണ്ട് ആനയില്‍ നിന്നുള്ള റേഡിയോ സിഗ്നല്‍ ലഭിച്ചില്ല. ആനയെ ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായി. റേഡിയോ കോളർ ഐഡി ഉപയോഗിച്ചാണ് നിലവിലെ ട്രാക്കിങ്. ആനയുടെ ലൊക്കേഷൻ കിട്ടുന്നതിന് എട്ട് മണിക്കൂർ വരെ താമസമുണ്ടെന്ന് കേരള വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ഈ വാദമാണ് കര്‍ണാടക വനംവകുപ്പ് തള്ളിയത് .ഉപഗ്രഹം അടിസ്ഥാനമാക്കിയുള്ളതാണ് റേഡിയോ കോളര്‍. അത് ആര്‍ക്കും ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നും ട്രാക്ക് ചെയ്യുന്നതിന് ആന്‍റിന വേണ്ടെന്നുമാണ് കര്‍ണാടക മുഖ്യ വനപാലകന്‍ സുഭാഷ് മല്‍ഖാഡെയുടെ പ്രതികരണം. “റേഡിയോ കോളര്‍ നല്‍കിയത് അസം വനംവകുപ്പാണ്. സിഗ്നലുകള്‍ ലഭിക്കാന്‍ വൈകിയാല്‍ അസം വനംവകുപ്പുമായാണ് ബന്ധപ്പെടേണ്ടത്-” അദ്ദേഹം പറഞ്ഞു.

കർണാടക സിഗ്നൽ വിവരങ്ങൾ പലപ്പോഴും കൈമാറുന്നില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. സിഗ്നൽ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മനഃപൂർവമുള്ള വീഴ്ചയാണെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇതോടെയാണ് ആരുടെ ഭാഗത്താണ് വീഴ്ചയെന്ന ചോദ്യമുയരുന്നത്.

കർണാടക വനം വകുപ്പിന്‍റെ കോളർ ഘടിപ്പിച്ച കാട്ടാന കേരളത്തിലെത്തിയത് ജനുവരി അഞ്ചിനാണ്. റോഡിയോ കോളറിൽ നിന്നുള്ള സന്ദേശം പ്രകാരം ആനയുടെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത് താന്നിക്കൽ മേഖലയിലാണ്. നിലവിൽ മാനന്തവാടിക്കടുത്ത് ഒണ്ടേങ്ങാടി ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top