മാങ്ങമോഷണത്തിന് പുറത്താക്കിയ പോലീസുകാരനെ തിരിച്ചെടുക്കില്ല; ഭാര്യയുടെ അപേക്ഷയും നിരസിച്ച് ആഭ്യന്തരവകുപ്പ്

പോലീസുകാർ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതും പിടിക്കപ്പെടുന്നതും പുതിയ കാര്യമല്ല. എന്നാൽ 2022 സെപ്തംബറിൽ പുറത്തുവന്ന് നാടാകെ പ്രചരിച്ച ഒരു ദൃശ്യം പോലീസുകാരെ മാത്രമല്ല അവരുടെ കുടുംബങ്ങളെ പോലും ആകെ നാണംകെടുത്തുന്നതായിരുന്നു. യൂണിഫോമിൽ ഒരു പോലീസുകാരൻ വഴിയരികിലെ കടയിൽ നിന്ന് മാങ്ങ മോഷ്ടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളായിരുന്നു അത്. ഇടുക്കി എആർ ക്യാമ്പിലെ സിപിഒ, കൂട്ടിക്കൽ സ്വദേശി പുതുപ്പറമ്പിൽ പി.വി.ഷിഹാബാണ് അതെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ഒളിവിൽപോയ ഷിഹാബിനെ 20 ദിവസത്തിന് ശേഷമാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടിയത്.
2022 സെപ്റ്റംബർ 30-ന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ കെ.എം.വെജിറ്റബിൾസ് എന്ന മൊത്തവ്യാപാര കടയ്ക്ക് മുൻപിൽ ഇറക്കിവെച്ചിരുന്ന പെട്ടിയിൽനിന്ന് അറുന്നൂറ് രൂപ വിലവരുന്ന 10 കിലോ പച്ചമാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ ജോലികഴിഞ്ഞ് വരുന്നവഴിക്കായിരുന്നു ഇത്. അറസ്റ്റിലായശേഷം ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസ് ഒക്ടോബർ മൂന്നിന് ഷിഹാബിനെ സസ്പെൻഡ് ചെയ്തു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തെ തുടർന്നാണ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് റേഞ്ച് ഐജിക്ക് നൽകിയ അപേക്ഷ നിരസിക്കപ്പെട്ടു. തുടർന്നാണ് ഷിഹാബിൻ്റെ ഭാര്യ ആതിര നവകേരള സദസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയത്. ഇതും തള്ളിക്കൊണ്ടുള്ള ആഭ്യന്തര വകുപ്പിൻ്റെ തീരുമാനമാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഷിഹാബ് കടയുടമയെ സ്വാധിനിച്ച് ഒത്തുതീർപ്പ് ഉണ്ടാക്കിയതിനെ തുടർന്ന് ക്രിമിനൽ കേസിൽ നിന്ന് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ പോലീസിൻ്റെ അച്ചടക്കം ലംഘിക്കുകയും ഈമട്ടിൽ വകുപ്പിനാകെ നാണക്കേട് ഉണ്ടാക്കുകയും ചെയ്തതിൻ്റെ പേരിലാണ് കടുത്ത നടപടി സ്വീകരിച്ചത്. അപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നത് ഇങ്ങനെ: “മുൻകാല സേവന കാലയളവിലും വിവിധ ക്രൈം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും ഒരു തവണ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡ് തടവുകാരനായി ജയിലിൽ പോവുകയും ചെയ്തിട്ടുള്ളതുമാണ്. കുറ്റാരോപിതന് തൻ്റെ നിരപരാധിത്വം തെളിയിക്കാൻ നിയമപരമായ എല്ലാ അവസരങ്ങളും സാധിച്ചിട്ടില്ലാത്തതാണ്. അച്ചടക്ക നൽകിയിട്ടും സേനയിലെ അംഗമെന്ന അതിന് നിലയിൽ കുറ്റാരോപിതന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതായി തെളിവിൽ വന്ന കുറ്റത്തിനുള്ള ആനുപാതിക ശിക്ഷയാണ് ടിയാന് നൽകിയിട്ടുള്ളത്.”

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here