ഉയര്‍ന്നു നില്‍ക്കുന്ന മാന്‍ഹോള്‍ വില്ലനായി, പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശിനി തട്ടി വീണു മരിച്ചു

പൊതു നിരത്തുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മാന്‍ഹോളുകള്‍ കേരളത്തില്‍ ഇന്നൊരു അപൂര്‍വ കാഴ്ചയേയല്ല. എന്നാല്‍ അത്തരമൊന്നാണ് തലസ്ഥാന നഗരത്തില്‍ ഇന്ന് പുലര്‍ച്ചെ ഒരു 65കാരിയുടെ ജീവനെടുത്തത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ സുങ്കര രാജമ്മയാണ് തെക്കേ നടയ്ക്ക് സമീപത്തെ മാന്‍ ഹോളില്‍ കാല്‍ തട്ടി തലയടിച്ച് വീണ് മരിച്ചത്.

പുലര്‍ച്ചെ 3 മണിയോടെ അന്ധ്രയിലെ നെല്ലൂരില്‍ നിന്നിും 42 അംഗ സംഘത്തിനൊപ്പമാണ് രാജമ്മ എത്തിയത്. ക്ഷേത്ര ദര്‍ശനത്തിനായി മൂന്ന് മണിയോടെ സംഘം ഇറങ്ങി. മുന്‍പേ പോയവര്‍ക്കൊപ്പം എത്താന്‍ തിടുക്കത്തില്‍ നടക്കുമ്പോള്‍ മാന്‍ ഹോളില്‍ കാല്‍ തട്ടി മുഖം അടിച്ചുള്ള വീഴ്ചയില്‍ തലക്കേറ്റ പരുക്കാണ് ഗുരുതരമായത്. ഗവണ്‍മെന്റ് ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇതോടെ രാജമ്മയ്ക്കൊപ്പം വന്ന കുട്ടികളും പ്രായമായവരും അടക്കമുള്ള സംഘം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പാര്‍ക്കിങ്ങ് ഏര്യയില്‍ കുടുങ്ങി.

ക്ഷേത്രത്തിന്റെ തെക്കേ നടയിലേക്കുളള റോഡില്‍ ഇത്തരം അപകടങ്ങള്‍ പതിവാണ്. റോഡിലെ മുഴുവന്‍ മാന്‍ഹോളുകളും ഇതുപോലെ അപകടം ക്ഷണിച്ചു വരുന്ന വിധമാണ്. ഒട്ടേറെ വാഹനങ്ങള്‍ ദിവസവും ഇവിടെ അപകടത്തില്‍ പെടുന്നുണ്ട്. പരിഹാരത്തിനുള്ള ആലോചനകള്‍ പോലും ഇതുവരെയില്ല. ഈ മരണമെങ്കിലും വേണ്ടപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കുമോ? കാത്തിരുന്നു കാണണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top