മറിയക്കുട്ടിക്ക് മാണി.സി.കാപ്പന്‍റെ പിന്തുണ; ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക 19200 കൈമാറി; അന്നക്കുട്ടിക്ക് ചൊവ്വാഴ്ച തുക നല്‍കും

അടിമാലി: സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷന്‍ മുടങ്ങിയപ്പോള്‍ മണ്‍ചട്ടിയുമായി തെരുവിലിറങ്ങി ഭിക്ഷയാചിച്ച് കേരളത്തെ ഇളക്കിമറിച്ച മറിയക്കുട്ടിക്ക് ഒരു വര്‍ഷത്തെ ക്ഷേമപെന്‍ഷന്‍ തുക അഡ്വാന്‍സ് ആയി നല്‍കി മാണി സി കാപ്പന്‍ എംഎല്‍എ. 19200 രൂപയാണ് കാപ്പന്റെ നിര്‍ദ്ദേശപ്രകാരം കേരള ഡെമോക്രറ്റിക് പാർട്ടി ഇന്നലെ കൈമാറിയത്. പാർട്ടി സംസ്ഥാന ട്രഷറർ സിബി തോമസാണ് തുക നല്‍കിയത്.

“വീട്ടില്‍ അരി വാങ്ങാന്‍ കാശില്ല. ഒരു ചട്ടി വാങ്ങി പിറ്റേ ദിവസം ഞങ്ങള്‍ പോയി. അറിയാവുന്ന കടകളിലൊക്കെ കയറി-വിവാദമായ ഭിക്ഷാടനത്തെക്കുറിച്ച് ചടങ്ങില്‍ മറിയക്കുട്ടി പറഞ്ഞു. യുഡിഎഫ് നേതാവ് പി എസ് രഞ്ജിത്ത്, കെഡിപി ജനറൽ സെക്രട്ടറിമാരായ ഏലിയാസ് മണ്ണപ്പള്ളി, പി.എസ്.പ്രകാശൻ, എന്‍.ഒ.ജോർജ്, സുമി ജോസഫ്, റെനി വർഗീസ്, സന്ധ്യ ചാക്കോച്ചൻ, ലൈബി വർഗീസ് സംബന്ധിച്ചു.

ഓണ്‍ലൈനില്‍ ചടങ്ങ് വീക്ഷിച്ച മാണി.സി.കാപ്പനോട് മറിയക്കുട്ടി നന്ദി പറഞ്ഞു.”മറിയക്കുട്ടിക്ക് ഒപ്പമുള്ള അന്നക്കുട്ടി ചടങ്ങിന് എത്തിയിരുന്നില്ല. പാര്‍ട്ടിയുടെ ഇടുക്കി ബ്ലോക്ക് കമ്മറ്റി ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് ഇതേ തുക കൈമാറും”-മാണി സി.കാപ്പന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ നല്‍കാതെ ധൂര്‍ത്താണ് സര്‍ക്കാര്‍ നടത്തുന്നത്. അതുകൊണ്ടാണ് സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് ചട്ടിയുമായി ഭിക്ഷ തെണ്ടാന്‍ ഇറങ്ങേണ്ടി വരുന്നത്. ജനങ്ങള്‍ക്ക് ന്യായവിലക്ക് ലഭിക്കേണ്ട സാധനങ്ങള്‍ പോലും സിവില്‍സപ്ലൈസ്‌ കോര്‍പറേഷനില്‍ നിന്നും ലഭിക്കാത്ത അവസ്ഥയാണ്-മാണി.സി.കാപ്പന്‍ പറഞ്ഞു.

ക്ഷേമപെൻഷൻ ലഭിക്കാൻ കാലതാമസം വന്നതിനെത്തുടർന്ന് മറിയക്കുട്ടിയും (87), അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയിൽ ഭിക്ഷയാചിച്ച് സമരം ചെയ്തത്. ഇവരെ വിമർശിച്ച് സിപിഎം മുഖപത്രം രം​ഗത്തെത്തിയിരുന്നു. മറിയക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതിൽ ഒന്ന് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും പാര്‍ട്ടി പ്രചരിപ്പിച്ചു. പെൺമക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിയുന്നവരാണ്. ഇതിൽ ഒരാൾ വിദേശത്താണെന്നുമടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ സംഭവം വിവാദമായി മാറി.

സിപിഎം സൈബര്‍ ആക്രമണം ശക്തമായതോടെ തന്റെ പേരിൽ ഭൂമിയുണ്ടെങ്കില്‍ അതിന്റെ രേഖ നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിലെത്തി. ഭൂമിയില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പുറത്തുവിട്ടു. തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരേ അപകീർത്തിക്കേസ് നൽകുമെന്നും അവർ വ്യക്തമാക്കി. പിന്നാലെ, പാർട്ടി മുഖപത്രം ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു.

Logo
X
Top