ഭൂരിപക്ഷം ബിജെപി എംഎൽഎമാരും ഭരണമാറ്റത്തിനൊപ്പം; പാളയത്തിൽ പട മണിപ്പൂരിൽ ബീരേൻ സിംഗ് സർക്കാരിനെ വീഴ്ത്തുമോ…
മണിപ്പൂരിൽ കുക്കി- മെയ്തേയ് സമുദായങ്ങള്‍ തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതിനെ തുടർന്ന് മുഖ്യമന്ത്രി ബീരേൻ സിംഗിനെതിരെ ബിജെപിയിലും എതിർപ്പുയരുന്നു. പ്രധാന സഖ്യകക്ഷിയായ എൻപിപി സർക്കാരിന് പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് പാർട്ടിയിലും മുഖ്യമന്ത്രിക്ക് എതിരെ ആഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നത്.
സംസ്ഥാനത്തെ ക്രമസമാധാനനില ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ബിരേൻ സിംഗ് വിളിച്ച യോഗം 11 ബിജെപി എംഎൽഎ മാർ ബഹിഷ്കരിച്ചിരുന്നു. ഇതിൽ കുക്കി മെയ്തേയ് വിഭാഗങ്ങളിൽപ്പെട്ട എംഎൽമാരും ഉൾപ്പെടുന്നു. സംഭവം വാർത്തയായതോടെ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.
Also Read: മണിപ്പൂരിനെ വരുതിയിലാക്കാൻ അമിത് ഷാ; 50 കമ്പനി കേന്ദ്ര സായുധ സേന ഇംഫാലിലേക്ക്…
കഴിഞ്ഞ ദിവസം വീണ്ടും അക്രമം രൂക്ഷമായ ജിരിബാമില്‍ നിന്നും പ്രാദേശിക നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചതും ബിജെപിക്ക് തിരിച്ചടിയായിരുന്നു.
കഴിഞ്ഞ വർഷം കലാപം ആരംഭിച്ചത് മുതൽ ബിരേൻ സിംഗിനെതിരെ പാർട്ടിയിൽ എതിർപ്പുയരുന്നുണ്ട്. കുക്കി, മെയ്തേയ് വിഭാഗത്തിൽപ്പെട്ട ബിജെപി എംഎൽഎമാർ നിരവധി തവണ പാർട്ടി നേതൃത്വത്തിനോട് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇടയക്ക് അക്രമസംഭവങ്ങളിൽ കുറവ് വന്നതോടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായി എന്ന പ്രതീതി സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിനായിരുന്നു. ഇതാണ് ബീരേൻ സിംഗിന് തുണയായത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച കുക്കി കലാപകാരികൾ ബോറോബെക്ര പോലീസ് സ്റ്റേഷൻ ആക്രമിച്ചതോടെ ജിരിബാം വീണ്ടും അക്രമാസക്തമായി മാറുകയായിരുന്നു.
Also Read: മണിപ്പൂരിൽ രോഷമടങ്ങാതെ ജനക്കൂട്ടം തെരുവിൽ; പ്രതിഷേധക്കാർക്ക് നേരെ വെടിവയ്പ്പ്; മരണം
11 കുക്കി കലാപകാരികളെയാണ് സിആർപിഎഫ് അന്ന് വെടിവച്ചു കൊന്നത്. ആക്രമണത്തിന് മെയ്തേയ് വിഭാഗത്തിൽപ്പെട്ട സ്ത്രീകളെയും കുട്ടികളെയും തീവ്രവാദികൾ ബന്ധികളാക്കിയിരുന്നു. ഇവരിൽ മൂന്ന് സ്ത്രീകളുടേയും മൂന്ന് കുട്ടികളുടേയും മൃതദേഹം ബരാക് നദിയിൽ നിന്നും കണ്ടെത്തി. തുടര്‍ന്ന് മെയ്തേയ് സമുദായം നീതി തേടി രംഗത്തിറങ്ങിയതോടെയാണ് വീണ്ടും മണിപ്പൂർ സംഘർഷഭരിതമായത്.
Also Read: മണിപ്പൂർ കൈവിട്ട നിലയിലേക്ക്… തിരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കി അമിത് ഷാ ഡൽഹിക്ക്
കലാപം അടിച്ചമർത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ജനക്കൂട്ടം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും വീട്ടിലേക്ക് ഇരച്ചു കയറിയുന്നു. മൂന്ന് മന്ത്രിമാരുടെ വീടുകൾ അടിച്ച് തകർക്കുകയും മൂന്ന് എംഎൽഎമാരുടെ വീടുകൾക്ക് തീവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിയമസഭാംഗങ്ങളുടെ വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരും മണിപ്പൂരിൽ വീണ്ടും ആരംഭിച്ച സംഘർഷത്തിൽ പ്രതിസന്ധിയിൽ ആയിരിക്കുമ്പോഴാണ് ബിജെപി എംഎൽഎമാരുടെ പ്രതിഷേധം.
കഴിഞ്ഞ മാസം മണിപ്പൂർ നിയമസഭാ സ്പീക്കർ സത്യബ്രത സിംഗ്, വിദ്യാഭ്യാസ മന്ത്രി ബിശ്വജിത് സിംഗ് ഉൾപ്പെടെയുള്ള 19 എംഎല്‍എമാര്‍ ബിരേൻ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ യോഗം ഒരു വിഭാഗം ബഹിഷ്ക്കരിക്കുന്നത്. മണിപ്പൂരിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ചിത്രീകരിക്കാനാണ് ബിരേൻ സിംഗിൻ്റെ ശ്രമമെന്നാണ് യോഗത്തിൽ പങ്കെടുക്കാതിരുന്ന ബിജെപി എംഎൽഎമാരുടെ ആരോപണം എന്നാണ് റിപ്പോർട്ടുകൾ.
Also Read: മണിപ്പൂരിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; പാർട്ടിയിൽ കൂട്ടരാജി; ഭരണ നേതൃമാറ്റ ആവശ്യവും ഉയരുന്നു
സംസ്ഥാനത്ത് കൂടിവരുന്ന അക്രമം പ്രതിസന്ധിയിൽ ആക്കുന്നതിന് ഇടയിൽ പാർട്ടിയിൽ ഉയർന്ന കലാപക്കൊടിയും ബിജെപി കേന്ദ്ര നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി സർക്കാരിനുള്ള പിന്തുണ കഴിഞ്ഞ ദിവസം സഖ്യകക്ഷിയായ എൻപിപി പിൻവലിച്ചിരുന്നു. സംസ്ഥാനത്ത് സമാധാഗം പുനസ്ഥാപിക്കുന്നതിലും സർക്കാർ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തില്‍ എന്‍പിപി വ്യക്തമാക്കിയിരുന്നു. വംശീയ സംഘർഷം രൂക്ഷമായ സംസ്ഥാനത്ത് ഭരണ തലത്തിൽ നേതൃമാറ്റം ആവശ്യമാണെന്ന് എൻപിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് കെ സാങ്മ വ്യക്തമാക്കിയിരുന്നു. നേതൃമാറ്റത്തിന് തയ്യാറായാൽ ബിജെപിയെ വീണ്ടും പിന്തുണക്കുമെന്നാണ് എൻപിപി നിലപാട്.
Also Read: മണിപ്പൂരിൽ 11 കുക്കി വിഭാഗക്കാരെ വെടിവച്ചു കൊന്നു; പോലീസ് സ്റ്റേഷൻ ആക്രമിച്ച് കലാപകാരികൾ
60 അംഗ നിയമസഭയില്‍ ഏഴ് അംഗങ്ങളാണ് എന്‍പിപിക്കുള്ളത്. 37 അംഗങ്ങള്‍ ബിജെപിക്കുമുണ്ട്. നാഗാ പീപ്പിൾസ് ഫ്രണ്ടിന് (എൻപിഎഫ്) അഞ്ച് എംഎൽഎമാരുണ്ട്. 31 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. പാർട്ടിയിലെ മന്ത്രിമാരുൾപ്പെടെ ഭൂരിപക്ഷം ബിജെപി എംഎൽഎമാർ ബിരേൻ സിംഗ് മാറണം എന്ന പക്ഷക്കാരാണ് (19 പേർ) എന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ മാറ്റി പ്രശ്ന പരിഹാരത്തിന് ബിജെപി നേതൃത്വം തയാറാവുമോ എന്നതാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വർഷം മെയ് മുതൽ സംസ്ഥാനത്ത് ആരംഭിച്ച വംശീയ സംഘര്‍ഷത്തിൽ 220 ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു.ഭൂരിപക്ഷ വിഭാഗമായ മെയ്തേയ് സമുദായത്തിന് പട്ടികവർഗ പദവി നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെയാണ് മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനവും ഹിന്ദു വിഭാഗത്തിൽപ്പെട്ട മെയ്തേയ്കളാണ്. മറ്റ് പ്രബല വിഭാഗമായ കുക്കികളും നാഗ വിഭാഗവും ക്രിസ്തുമത വിശ്വാസികളാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here