മണിപ്പൂർ സർക്കാർ ഈസ്റ്റർ ദിനം പ്രവർത്തി ദിവസമാക്കി; ഗവ. ഓഫീസുകൾ മാർച്ച്‌ 31ന് പ്രവർത്തിക്കണം; കടുത്ത പ്രതിഷേധവുമായി സഭകൾ

ഇംഫാൽ: മണിപ്പൂരിലെ ബിജെപി സർക്കാരിന്‍റെ ക്രിസ്ത്യാനികളോടുള്ള വിവേചനം വീണ്ടും വിവാദത്തിൽ. ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവിൽ പറയുന്നുണ്ട്. പൊതുഭരണ വകുപ്പ് (ജിഎഡി) ഡപ്യൂട്ടി സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31 നാണ് ഈ വര്‍ഷത്തെ ഈസ്റ്റര്‍.

മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് ഈസ്റ്റര്‍ ദിനം. കുരിശിലേറ്റപ്പെട്ട യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണിത്. അതിനാൽ തന്നെ സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിൽ സിപിഎമ്മും, കോൺഗ്രസും മണിപ്പൂർ സർക്കാരിന്‍റെ ഈ ഉത്തരവിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തുമെന്നുറപ്പാണ്.

കഴിഞ്ഞ വർഷം മെയ് മൂന്നിനാണ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. 10 മാസങ്ങൾ കഴിഞ്ഞിട്ടും സംഘർഷം പൂർണമായി അവസാനിച്ചിട്ടില്ല. പതിനായിരങ്ങളാണ് മിസോറോമിലേക്ക് പലായനം ചെയ്തത്. 200ലധികം പേർ കലാപത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ. 254 ക്രൈസ്തവ ദേവാലയങ്ങളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിക്കാത്തതിൽ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നെങ്കിലും അദ്ദേഹം കലാപത്തെക്കുറിച്ച് ഇതേവരെ പ്രതികരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top