വിദ്യാര്‍ഥി കലാപത്തിന് പിന്നാലെ സംസ്ഥാനം വിട്ട് ഗവര്‍ണര്‍; മണിപ്പൂരിലെ സ്ഥിതി ഗുരുതരമാകുന്നു

രാജ്ഭവനിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ സംസ്ഥാനം വിട്ട് മണിപ്പൂര്‍ ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ. അസം ഗവര്‍ണറായ ലക്ഷ്മണ്‍ പ്രസാദ് ആചാര്യക്കാണ് മണിപ്പൂരിന്റെ ചുമതല കൂടി നല്‍കിയിരിക്കുന്നത്. സുരക്ഷാ സേനയുമായി വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ അസമിലെ ഗുവാഹട്ടിയിലേക്ക് പോയത്. രാവിലെ പത്ത് മണിയോടെ തന്നെ ഗവര്‍ണര്‍ സംസ്ഥാനം വിട്ടിട്ടുണ്ട്.
വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ രൂക്ഷമായതോടെ മണിപ്പൂര്‍ സര്‍വ്വകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇന്നലെ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ 55 വിദ്യാര്‍ഥികള്‍ക്കും നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ഗവര്‍ണര്‍ 11 വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഒന്നും അറിയിക്കാന്‍ നില്‍ക്കാതെയാണ് ഗവര്‍ണര്‍ സംസ്ഥാനം വിട്ടത്.
ഇതോടെ ഗവര്‍ണര്‍ ഒളിച്ചോടി എന്ന പ്രചരണം ശക്തമാണ്. സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കേണ്ട ഗവര്‍ണര്‍ തന്നെ സംസ്ഥാനത്ത് നിന്ന് രക്ഷപ്പെട്ടത് ക്രമസമാധാന തകര്‍ച്ച വ്യക്തമാക്കുന്നതാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. വംശീയ കലാപത്തില്‍ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട ഡിജിപിയെയും സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും നീക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here