‘മോദിക്ക് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല, വിശ്വാസം വോട്ടാക്കാന്‍ ബിജെപി ശ്രമം’; ന്യായ് യാത്രയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഇംഫാല്‍: നരേന്ദ്ര മോദിയേയും ആര്‍എസ്എസ്സിനേയും ഭാരത്‌ ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മാസങ്ങളായി കലാപം നടക്കുന്ന മണിപ്പൂരില്‍ പ്രധാനമന്ത്രി ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലെന്നും സംസ്ഥാനത്തെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയും ആര്‍എസ്എസും പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്റെ ഉദാഹരണമാണ് മണിപ്പൂര്‍. നിങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു, ന്യായ് യാത്ര നിങ്ങള്‍ക്കാണ്. ഇവിടെ സമാധാനം തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി.

“2004ലാണ് ഞാന്‍ രാഷ്ട്രീയത്തില്‍ എത്തുന്നത്. എന്നാല്‍ ഒരു സംസ്ഥാനത്തിന്‍റെ ഭരണം തകരുന്നത് കാണുന്നത് ഇതാദ്യമാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഞാന്‍ ഇവിടെ വന്നപ്പോള്‍ കണ്ടതും കേട്ടതും, ഇതിനു മുന്‍പ് ഞാന്‍ ഒരിക്കലും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്തവയാണ്. വിദ്വേഷത്താൽ സംസ്ഥാനം രണ്ടായി പിളര്‍ന്നു” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിൽ വോട്ട് തേടിയാണ് മോദി എത്തുന്നത്, എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ ബുദ്ധിമുട്ടിലാകുമ്പോൾ അദ്ദേഹം ബീച്ചുകളിൽ വിശ്രമിക്കുകയും രാമന്റെ പേരില്‍ ക്ഷേത്രങ്ങള്‍ പണിത് മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

12 മാസത്തെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത്‌ ജോഡോ യാത്രയുടെ രണ്ടാം ഘട്ടമായ ഭാരത്‌ ന്യായ് യാത്ര മണിപ്പൂരിലെ തൗബാലില്‍ ഇന്ന് തുടക്കം കുറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മണിപ്പൂർ മുൻ മുഖ്യമന്ത്രി ഒ ഇബോബി സിംഗ്, ഇന്ത്യ മുന്നണിയിലെ 10 പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പാർട്ടി നേതാക്കൾ പങ്കെടുത്തു.

Also read: ഭാരത്‌ ജോഡോ ന്യായ് യാത്രക്ക് ഇന്ന് മണിപ്പൂരില്‍ തുടക്കം; 66 ദിനങ്ങള്‍, ലക്ഷ്യം 100 ലോക്സഭാ മണ്ഡലങ്ങള്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top