ഇന്നും അശാന്തം; മണിപ്പുര്‍ കലാപത്തിന് ഒരാണ്ട്; ഇന്ന് ബന്ദിന് ആഹ്വാനം; ജീവന്‍ നഷ്ടമായവരെ ഓര്‍ത്ത് ആചരണവുമായി കുക്കികളും മെയ്തെയ്കളും
ഇംഫാൽ: മണിപ്പുരിലെ കലാപത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. കഴിഞ്ഞ മേയ് മാസം മൂന്നിനാണ് കുക്കി-മെയ്തെയ് വിഭാഗങ്ങൾ ഏറ്റുമുട്ടിയതും അത് വംശീയകലാപത്തിലേക്ക് വഴിമാറിയതും. ഇന്നും മണിപ്പൂര്‍ അശാന്തമാണ്. സംഘർഷത്തിൽ ഇതുവരെ 220-ലധികം പേർക്ക് ജീവൻ നഷ്ടമായി. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. പതിനായിരങ്ങളാണ് ഭവനരഹിതരായത്.
കുക്കി സംഘടനയായ ട്രൈബൽ യൂണിറ്റി കമ്മിറ്റി സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചുരാചന്ദ്പുരിലെ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറവും (ഐടിഎൽഎഫ്.) കുക്കി വിഭാഗത്തിന്റെ സംഘടനയായ കുക്കി ഇൻപി മണിപ്പുരും (കെഐഎം.) ഉണർവിന്റെയും ദിനമെന്ന നിലയിലാണ് ഈ ദിനം ആചരിക്കുക.
അനധികൃത കുടിയേറ്റക്കാർ ആക്രമണം ആരംഭിച്ച ദിവസം ആയാണ് ആചരണമെന്ന് മെയ്തെയ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഫാൽ ഈസ്റ്റിലെ ഷുമാങ് ലീല സാങ്‌ലെനിൽ മെയ്തെയ് വിഭാഗം പരിപാടി സംഘടിപ്പിക്കുന്നുണ്ട്. . കഴിഞ്ഞവർഷം അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കാണാതായ 35-ലധികം മെയ്തെയ് വംശജരെ കണ്ടെത്താൻ ഈ പരിപാടിയിൽ അഭ്യർഥിക്കും.
മെയ്തെയ് വിഭാഗത്തിലുള്ളവരെ പട്ടികവർഗത്തിൽപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ച മണിപ്പുർ ഹൈക്കോടതി ഉത്തരവിനെത്തുടർന്നുള്ള പ്രക്ഷോഭമാണ് രാജ്യത്തെ ഞെട്ടിച്ച വംശീയ കലാപത്തിലേക്ക് നയിച്ചത്. ജാതിനോക്കാതെ വിവാഹിതരായ ഒട്ടേറെ കുടുംബങ്ങളെയും കലാപം വലിയതോതിൽ ബാധിച്ചു. സംഘർഷം വ്യാപിച്ചതോടെ പരസ്പരം വേർപിരിഞ്ഞ് താമസിക്കേണ്ടി വന്ന ഒട്ടനവധി കുടുംബങ്ങള്‍ ഇപ്പോഴും അതേ അവസ്ഥയില്‍ തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here