മണിപ്പൂർ വീണ്ടും കത്തുന്നത് കേരള ബിജെപിയുടെ മുനമ്പം നീക്കത്തെ തിരിച്ചടിക്കും; പളളികൾ കത്തുമ്പോൾ സഭകൾ എങ്ങനെ സംഘ്പരിവാറിനെ പിന്തുണക്കും
മണിപ്പൂരിൽ കലാപം വീണ്ടും പൊട്ടിപ്പുറപ്പെടുകയും നിരവധി ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്ക് ഇരയാകുകയും ചെയ്തതോടെ മുനമ്പം ഭൂമിയുടെ പേരിൽ ക്രൈസ്തവ സഭകളുമായി അടുപ്പം ഉറപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ തിരിച്ചടിക്കുമെന്ന് സംസ്ഥാന ബിജെപി ഘടകത്തിൽ ആശങ്ക. മുനമ്പം ഭൂമിയെച്ചൊല്ലി ക്രിസ്ത്യൻ – മുസ്ലിം വിഭാഗങ്ങൾ തമ്മിൽ ഉണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരമാവധി ആളിക്കത്തിക്കാൻ കേന്ദ്രമന്ത്രിമാരെ വരെ ഇറക്കി പ്രചരണം മൂപ്പിക്കുന്നതിനിടയിലാണ്, ബിജെപി അനുഭാവമുള്ള ശക്തികൾ മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളികൾ കത്തിച്ച സംഭവം പുറത്തു വരുന്നത്.
ഒന്നര വർഷത്തെ കലാപത്തിനിടയിൽ മണിപ്പൂരിൽ 250ലധികം ക്രിസ്ത്യൻ പള്ളികളും നൂറ് കണക്കിന് സ്ഥാപനങ്ങളും കത്തിക്കുകയും തകർക്കുകയും ചെയ്തിട്ടുണ്ട്. കലാപത്തിനിടയിൽ ക്രൈസ്തവർക്കെതിരെ ഉണ്ടായ ആക്രമണങ്ങളെ സംസ്ഥാന ബിജെപി നേതൃത്വം അപലിക്കാത്തത് വിശ്വാസികളേയും സഭാ നേതൃത്വങ്ങളേയും ഒന്നുപോലെ ചൊടിപ്പിട്ടുണ്ട്.
മുനമ്പത്തെ 404 ഏക്കറിലധികം വരുന്ന ഭൂമിയിൽ താമസിക്കുന്ന 600 ലധികം കുടുംബങ്ങളെ വഖഫ് ബോർഡ് കുടിയൊഴിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്. ഇതിനായി നോട്ടീസ് നൽകിയതിനെതിരെ കഴിഞ്ഞ ഒരു മാസമായി പ്രതിഷേധ സമരം നടക്കുകയാണ്. ഇവിടുത്തെ താമസക്കാരിൽ 80 ശതമാനം പേരും കത്തോലിക്കസഭാ വിശ്വാസികളാണ്. സഭാ നേതൃത്വങ്ങൾ ഇവർക്ക് പിന്നിൽ അണിനിരന്നതോടെ ബിജെപി പിന്തുണയുമായി ചാടിവീണു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്ര സർക്കാരിൻ്റെ സകല സഹായങ്ങളും വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഇങ്ങനെ വളരെ പെട്ടെന്ന് അവർ ക്രൈസ്തവ രക്ഷകരായി മാറിയിരിക്കുന്ന ഘട്ടത്തിലാണ് മണിപ്പൂരിൽ പഴയ കലാപം വീണ്ടും ആളിക്കത്തുന്നത്.
ഒന്നര വർഷത്തിലധികമായി മണിപ്പൂരിലെ മെയ്തെയ്- കുക്കി ഗോത്ര വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലിലാണ്. ഹിന്ദുഗോത്രങ്ങളിൽ പെട്ടവരാണ് മെയ്തെയ് വിഭാഗക്കാർ. കുക്കികൾ ക്രൈസ്തവ വിഭാഗത്തിലും. കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല എന്ന് മാത്രമല്ല, വലിയ വിമർശനങ്ങൾ ഉയർന്നിട്ടും അതേക്കുറിച്ച് മിണ്ടിയിട്ട് പോലുമില്ല. എട്ട് മാസം പ്രായമുള്ള കുഞ്ഞ് അടക്കം കുക്കി സമുദായത്തിൽപ്പെട്ട രണ്ട് സ്ത്രീകൾ ഇക്കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇന്നലെ നടന്ന തീവെയ്പിൽ മാത്രം ജിരിബാമിലെ അഞ്ച് പള്ളികളും ആറ് വീടുകളും പൂർണമായി കത്തിനശിച്ചിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് ക്രിസ്ത്യാനികൾക്ക് നേരെ ഒന്നര കൊല്ലമായി അതിക്രമം തുടരുന്നത്. കലാപം തടയാൻ ക്രിയാത്മകമായി യാതൊരു നടപടിയും സംസ്ഥാന സർക്കാർ ചെയ്യുന്നില്ല എന്ന ആക്ഷേപം സഭകൾ ഉന്നയിച്ചെങ്കിലും കേന്ദ്ര സർക്കാരോ പ്രധാനമന്ത്രിയോ അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. കഴിഞ്ഞ വർഷം ക്രിസ്മസിന് വിവിധ സഭാ നേതാക്കൾ പ്രധാനമന്ത്രിയെ നേരിൽ കണ്ട് മണിപ്പൂർ സംഭവങ്ങളിൽ ഇടപെടാൻ ആവശ്യപ്പെട്ടിട്ട് പോലും കാര്യമായ പ്രതികരണങ്ങൾ ഉണ്ടായില്ല. സർക്കാർ സഹായത്തോടെ തങ്ങളെ വേട്ടയാടി കുലം നശിപ്പിക്കാനുള്ള ഇടപെടലാണ് നടക്കുന്നത് എന്നാണ് കുക്കി സംഘടനകളുടെ ആക്ഷേപം.
കലാപത്തിൽ ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും മാത്രമാണു തകർക്കപ്പെടുന്നത്. സർക്കാർ പിന്തുണയുള്ള ആസൂത്രിത കലാപമാണ് മണിപ്പൂരിലേത് എന്ന് വ്യക്തമാക്കുന്നതാണ് ഭരണനേതൃത്വങ്ങളുടെ നിഷ്ക്രിയ സമീപനമെന്ന് കഴിഞ്ഞ വർഷം അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി പുറപ്പെടുവിച്ച പ്രസ്താവനയിൽ കുറ്റപ്പെടുത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here