മണിപ്പൂര്‍ കൂട്ടബലാത്സംഗം: സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇരകള്‍, അസമിലേക്ക് മാറ്റരുതെന്നും ആവശ്യം

ന്യൂഡല്‍ഹി: മണിപ്പൂരിൽ കുക്കി വിഭാഗക്കാരായ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇരകള്‍. സിബിഐക്ക് പകരം സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കേസ് അസമിലേക്ക് മാറ്റുന്നതിനോട് ഇരകള്‍ക്ക് യോജിപ്പില്ലെന്നും കോടതിയെ അറിയിച്ചു. 

അതേസമയം, കേസ് അസമിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിചാരണ എവിടെ വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതിനോട് യോജിക്കുന്നതായും കേന്ദ്രം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം, കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് 595 എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് സുപ്രീംകോടതിയെ അറിയിച്ചു. ഇവയില്‍ എത്ര കേസുകള്‍ ലൈംഗികാതിക്രമങ്ങളെന്ന് വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ മണിപ്പൂർ സന്ദർശിച്ച് അതിജീവിച്ചവരുടെ മൊഴി രേഖപ്പെടുത്താൻ ഉന്നതാധികാര സമിതി വേണമെന്ന് ജെയ്‌സിംഗ് വാദിച്ചു.

കഴിഞ്ഞദിവസമാണ് കേസില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തത്. വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറാന്‍ ശുപാര്‍ശ നല്‍കിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനായി സുപ്രിംകോടതി അനുവാദം നല്‍കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top