മണിപ്പൂർ കലാപം: ഈ നാലു ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ? മോദിയോട് കോൺഗ്രസ്

ന്യൂഡൽഹി: മണിപ്പൂർ കലാപം തുടങ്ങി അഞ്ചു മാസമായിട്ടും പ്രശ്നത്തിൽ പരിഹാരം കാണാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവാദിത്തമില്ലായ്മ കൊണ്ടെന്ന് കോൺഗ്രസ്. ഒരു സംസ്ഥാനത്തോടും ഒരു പ്രധാനമന്ത്രിയും ഇതുവരെ കാണിച്ചിട്ടില്ലാത്ത അവഗണനയാണ് മണിപ്പൂരിനോട് കാണിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ ജയറാം രമേശ് സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു.
സംഘർഷം തുടങ്ങി ഒരു മാസം കഴിഞ്ഞ് കർണാടക തെരഞ്ഞെടുപ്പിന്റെ തിരക്ക് കഴിഞ്ഞാണ് ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിച്ചത്. അപ്പോഴേക്കും സ്ഥിതി വളരെയധികം മോശമായി കഴിഞ്ഞിരുന്നു. ഇപ്പോഴും അവസ്ഥയിൽ മാറ്റമില്ല. പ്രശ്നങ്ങൾ അതീവ ഗുരുതരമായപ്പോഴാണ് പ്രധാനമന്ത്രി ഇതിനെക്കുറിച്ച് സംസാരിക്കാൻ പോലും തയാറായത്. ലോക്സഭയിൽ നടത്തിയ 133 മിനിറ്റ് നീണ്ട പ്രസംഗത്തിൽ മണിപ്പൂരിനെക്കുറിച്ച് പറഞ്ഞത് വെറും അഞ്ചു മിനിറ്റ് മാത്രം. മണിപ്പൂരിലെ ഭൂരിഭാഗം എംഎൽഎ മാരും മുഖ്യമന്ത്രി രാജിവക്കണമെന്ന അഭിപ്രായക്കാരനാണ്. ഇപ്പോഴും കലാപം തുടരുന്നു. സായുധ സേനയും പോലീസുമായി നിരന്തരം സംഘർഷം നടക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു. മണിപ്പൂരുമായി ബന്ധപ്പെട്ട് നാല് ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
എന്നാണ് പ്രധാനമന്ത്രി അവസാനം മണിപ്പൂർ സന്ദർശിച്ചത്. എന്നാണ് അവസാനം മണിപ്പൂർ മുഖ്യമന്ത്രിയുമായി സംസാരിച്ചത്.എന്നാണ് അവസാനം മണിപ്പൂരിലെ എംഎൽഎമാരെ കണ്ടത്. എന്നാണ് അവസാനമായി മണിപ്പൂരിൽ നിന്നുള്ള ക്യാബിനറ്റ് അംഗങ്ങളുമായി വിഷയം ചർച്ച ചെയ്തത്. ഇതാണ് കോൺഗ്രസ് ഉന്നയിച്ച നാലു ചോദ്യങ്ങൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here