മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; ഡ്രോണുകൾ ഉപയോഗിച്ച് ബോംബേറ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു
മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം രൂക്ഷമായി. അക്രമികള്‍ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ബോംബേറിൽ സ്ത്രീ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കലാപം തുടങ്ങിയ ശേഷം ഈ രീതിയില്‍ നടത്തുന്ന ആദ്യ ആക്രമണമാണെന്ന് പോലീസ് പറഞ്ഞു. കുക്കി വിമതരെന്നു സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്.
ഇംഫാൽ വെസ്റ്റിനും കാങ്‌പോക്‌പി ജില്ലകൾക്കും ഇടയിലാണ് ആക്രമണം നടന്നത്. പ്രദേശത്തെ ഓരോ വീടിനുമേലും ഒരു ഡ്രോൺ ഉപയോഗിച്ച് ബോംബ് വർഷിച്ചെന്നാണ് വിവരം. ആക്രമണത്തിന്റെയും ആളുകൾ ഭയന്നോടുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ബോംബ് ഇടുന്നതിന് മുമ്പ് ഗ്രാമത്തിന് മുകളിലൂടെ ഡ്രോണുകൾ പറക്കുന്നത് കണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
ഡ്രോൺ ഉപയോഗിച്ചുള്ള ബോംബേറ് സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും വലിയ ഭീഷണിയാകുമെന്നാണു വിലയിരുത്തൽ. “ആക്രമണത്തിന് പിന്നില്‍ പരിശീലനം സിദ്ധിച്ചവരുടെ പങ്കാളിത്തം തള്ളിക്കളയാനാവില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്ത് പ്രകോപനമുണ്ടായാലും പ്രതികരിക്കാൻ തയ്യാറാണ്.” – പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
മെയ്തെയ് – കുക്കി വിഭാഗങ്ങള്‍ തമ്മില്‍ 16 മാസമായി മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. 2023 മേയ് മൂന്നിനാണ് അക്രമസംഭവങ്ങള്‍ തുടങ്ങിയത്. 227പേരോളം കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. വീടുകള്‍ക്ക് തീയിട്ടതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്. ഒട്ടനവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here