മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതില്‍ പോലീസിന് ഗുരുതരവീഴ്ചയെന്ന് സിബിഐ കുറ്റപത്രം; രക്ഷ തേടിയ സ്ത്രീകളെ കലാപകാരികള്‍ക്ക് കൈമാറിയത് പോലീസ്; കേസില്‍ ഏഴുപേര്‍ പ്രതികള്‍

ഡൽഹി: രാജ്യത്തെ നാണം കെടുത്തിയ മണിപ്പൂര്‍ കലാപത്തില്‍ പോലീസിന്റെ ചെയ്തികളെ രൂക്ഷമായി വിമര്‍ശിച്ച് സിബിഐ കുറ്റപത്രം. കലാപ സമയത്ത് മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പോലീസിന് ഗുരുതരവീഴ്ച പറ്റിയതായി കുറ്റപത്രത്തില്‍ പറയുന്നു.
സഹായംതേടി ഇരകൾ പോലീസ്‌വാഹനത്തിനടുത്ത് എത്തിയിട്ടും ഓടിച്ചുപോകാന്‍ വണ്ടിയുടെ താക്കോലില്ലെന്നാണ് പോലീസുകാർ മറുപടി നൽകിയത്. നഗ്നരാക്കി നടത്തിയശേഷം ഇരുവരും ലൈംഗികാതിക്രമത്തിന് ഇരയായി. യുവതികളിലൊരാളുടെ പിതാവിനെ ജനക്കൂട്ടം മർദിക്കുന്നത് പോലീസ് തടഞ്ഞില്ലെന്നും കുറ്റപത്രത്തിലുണ്ട്.
“നഗ്നരാക്കുംമുൻപ് ഇരകൾ പോലീസ് വാഹനത്തിൽ ഓടിക്കയറി. വാഹനത്തിനകത്തും പുറത്തുമായി ഏഴോളം പോലീസുകാരും ഉണ്ടായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്യാൻ പലതവണ അപേക്ഷിച്ചെങ്കിലും താക്കോലില്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. പിന്നീട് ഇതേവാഹനംതന്നെ ഓടിച്ച് ആയിരത്തോളം കലാപകാരികളുടെ അടുത്ത് നിർത്തി പോലീസുകാർ കടന്നുകളയുകയായിരുന്നു. തുടർന്നാണ് കലാപകാരികൾ സ്ത്രീകളെ പിടികൂടി വിവസ്ത്രരാക്കി നടത്തിയത്.” – കുറ്റപത്രം പറയുന്നു.
കൂട്ടബലാത്സംഗം, കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെപേരിൽ ചുമത്തിയത്. ഗുവാഹത്തിയിലെ പ്രത്യേക കോടതിയിലാണ് പ്രായപൂർത്തിയാവാത്ത ഒരാളടക്കം ഏഴാളുടെപേരിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
മണിപ്പൂർ കലാപത്തിനിടെ ചുരാചന്ദ്പുർ ജില്ലയിൽ കഴിഞ്ഞ മേയിലാണ് രണ്ട് കുക്കിസ്ത്രീകളെ നഗ്നരാക്കി നടത്തിയത്. ഇതിന്റെ വീഡിയോ ജൂലായിലാണ് പുറത്തുവന്നത്. സംഭവം രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here