മഞ്ചേശ്വരം കോഴക്കേസില്‍ കെ.സുരേന്ദ്രന് തിരിച്ചടി; കുറ്റവിമുക്തനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന് ലഭിച്ച ആശ്വാസം താത്കാലികം മാത്രം. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കളെ കുറ്റവിമുക്തരാക്കിയ കാസര്‍കോട് സെഷന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി.

ഹൈക്കോടതി നടപടി സുരേന്ദ്രന് രാഷ്ട്രീയമായി തിരിച്ചടിയാകുമ്പോള്‍ സിപിഎമ്മിന് ആശ്വാസമാണ്. സിപിഎം-ബിജെപി അന്തര്‍ധാരയുടെ ഫലമായാണ് കേസില്‍ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് എന്നായിരുന്നു പ്രതിപക്ഷ ആരോപണം. കേസില്‍ പ്രോസിക്യൂഷന്‍ ദുര്‍ബലമായി ഇടപെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

രാഷ്ട്രീയമായുള്ള കരുക്കല്‍ നീക്കലിന്റെ ഫലമായാണ് അനുകൂലമായ വിധി വന്നത് എന്ന പ്രതിപക്ഷ ആരോപണം നിഷേധിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിരുന്നില്ല. ഇത് വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ആയുധമാക്കാനിരിക്കെയാണ് വിധി വന്നത്.

മഞ്ചേശ്വരം കോഴക്കേസില്‍ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കുറ്റവിമുക്തരാക്കി സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. 2021 മാര്‍ച്ച് 21 ന് നടന്ന സംഭവത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് 2023 ഒക്ടോബര്‍ ഒന്നിനായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തത് തന്നെ സംഭവം നടന്ന് 78 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനം നടത്തിയാണ് കേസില്‍ സുരേന്ദ്രന്‍ അടക്കമുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്. വിധിയിലെ ഈ പരാമര്‍ശം ആയുധമാക്കിയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ കൈക്കൂലിയുമായി ബന്ധപ്പെട്ടാണ് പരാതി വന്നത്. മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്നു സുന്ദര. നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കാന്‍ വേണ്ടിയാണ് സുന്ദരത്തെ തട്ടിക്കൊണ്ടുപോയത്. ഭീഷണിപ്പെടുത്തിയാണ് പത്രിക പിന്‍വലിപ്പിച്ചത്. ഇതിനുവേണ്ടി കോഴയായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top