മഞ്ജു വാര്യറിന് ഇന്ന് 45-ാം പിറന്നാൾ

അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മഞ്ജു വാര്യറിന് ഇന്ന് 45-ാം പിറന്നാൾ. 1978 സെപ്തംബർ 10ന് കന്യാകുമാരിയിൽ ടി വി മാധവന്റെയും ഗിരിജയുടെയും മകളായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം തമിഴ്നാട്ടിലെ നാഗർകോവിലിലായിരുന്നുങ്കിലും പിന്നീട് കേരളത്തിലെ കണ്ണൂർ ജില്ലയിലേക്ക് മാറി.


ദൂരദർശനിൽ സംരക്ഷണം ചെയ്ത ‘മോഹാരവം’ എന്ന സീരിയലിലൂടെയാണ് അഭിനയത്തിലേക്കുള്ള മഞ്ജു വാര്യരുടെ തുടക്കം. 1995ൽ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. പതിനെട്ടാമത്തെ വയസിൽ ‘സല്ലാപ’ത്തിലൂടെ നായികയായി. ഈ ചിത്രം ആയിരുന്നു മലയാള സിനിമയിൽ മഞ്ജുവിന് ഒരു സ്ഥാനം നേടി കൊടുത്തത്. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം സ്വന്തമാക്കി.’കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.


സമ്മർ ഇൻ ബത് ലഹേം, ആറാം തമ്പുരാൻ, പത്രം, കളിവീട്, കളിയാട്ടം, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, എന്നിങ്ങനെ മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ മഞ്ജു വാര്യരുടെ പേരിനാൽ അടയാളപ്പെടുത്തുന്നവയാണ്.

വിവാഹം കഴിഞ്ഞ് ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ് ആർയു’ എന്ന ചിത്രത്തിലൂടെ താരം ​ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുർമുഖം തുടങ്ങിയ ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവിൽ മഞ്ജുവിനെ കാത്തിരുന്നത്.
‘ദി പ്രീസ്റ്റ് ‘എന്ന സിനിമയിലൂടെയാണ് മഞ്ജു ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തത്.

മികച്ച അഭിനേത്രി എന്നതിന് പുറമെ താനൊരു ഗായിക കൂടിയാണെന്ന് പലയാവര്‍ത്തി മഞ്ജു തെളിയിച്ചിട്ടുണ്ട്.
‘അസുരൻ’ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു കഴിഞ്ഞു. സിനിമയില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു. അജിത്ത് ചിത്രം ‘തുനിവ്’ ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. ‘മിസ്റ്റര്‍ എക്സ്’ എന്ന തമിഴ് സിനിമയിലാണ് നിലവിൽ മഞ്ജു വാര്യർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top