മഞ്ജു വാര്യരുടെ ആരോപണത്തിന് തെളിവില്ല; ശ്രീകുമാർ മേനോന് എതിരെയെടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി
നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സംവിധായകനെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന ആരോപണവും നിലനില്‍ക്കില്ല. കുറ്റകരമായ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു എന്നത് ആരോപണം മാത്രമാണ്. ഇത് തെളിയിക്കാനാവശ്യമായ ഒന്നും കണ്ടെത്താനായില്ല എന്നും കോടതി വ്യക്തമാക്കി.
നിരന്തരം കോടതി ആവശ്യപ്പെട്ടിട്ടും നടിയുടെ ഭാഗത്തു നിന്നും നിലപാട് അറിയിച്ചിരുന്നില്ല. നാലുവര്‍ഷത്തിനിടെ പല തവണയാണ് കോടതി നടിയുടെ നിലപാട് തേടിയത്. എന്നാല്‍ പ്രതികരണം ഉണ്ടാകാതെ വന്നതോടെ കേസ് റദ്ദാക്കുകയായിരുന്നു. മോഹന്‍ലാല്‍ നായകനായ ഒടിയന്‍ എന്ന ചിത്രത്തിന് ശേഷമുള്ള സൈബര്‍ ആക്രമണമാണ് പരാതിക്ക് കാരണമായത്.
മഞ്ജു വാര്യര്‍ അന്നത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് 2019 ഒക്ടോബര്‍ 23ന് ശ്രീകുമാര്‍ മേനോനെ പ്രതിയാക്കി തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉണ്ടായിരുന്നുത്. തന്നെ അപായപ്പെടുത്താന്‍ ശ്രീകുമാര്‍ മേനോന്‍ ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണവും പരാതിയില്‍ ഉണ്ടായിരുന്നു. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലും നടി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ മൊഴി നല്‍കാന്‍ തയാറായതുമില്ല.
മഞ്ജു തനിക്കെതിരെ നല്‍കിയ പരാതിയെക്കുറിച്ച് മാധ്യമ വാര്‍ത്തകളില്‍നിന്നു മാത്രമാണ് അറിഞ്ഞതെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും എന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്റെ നിലപാട്. അതേ രീതിയില്‍ നിയമ വഴിയിലൂടെ കുറ്റവിമുക്തനാവുകയും ചെയ്തു.
വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജു വാര്യർക്ക് 14 വര്‍ഷത്തിന് ശേഷം കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് അവസരമൊരുക്കിയത് ശ്രീകുമാര്‍ മേനോനായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്. എന്നാല്‍ ചിത്രത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ മഞ്ജു പിന്തുണച്ചില്ലെന്ന് ശ്രീകുമാര്‍ പരാതി ഉന്നയിച്ചിരുന്നു. മഞ്ജുവിനൊപ്പം നിന്നതിനാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ ആരോപിച്ചു. ഒപ്പം പ്രളയബാധിതര്‍ക്ക് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വീടുവച്ചുനല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും ആരോപിച്ചിരുന്നു. ഇതോടെയാണ് മഞ്ജു പോലീസില്‍ പരാതി നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here