സമഗ്ര സിനിമാനയ രൂപീകരണം; സർക്കാർ സമിതിയില്‍ നിന്ന് രാജീവ് രവിയും മഞ്ജു വാരിയരും പിൻമാറി
തിരുവനന്തപുരം: സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനായി ചലച്ചിത്രവികസന കോർപ്പറേഷൻ രൂപവത്കരിച്ച സമിതിയിൽ നിന്ന് ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയും നടി മഞ്ജു വാരിയരും പിന്മാറി. ഷൂട്ടിംഗ് തിരക്കുള്ളതിനാല്‍ സമിതി അംഗമാകാന്‍ അസൗകര്യമുണ്ടെന്ന് ഇരുവരും അറിയിച്ചതായി സമിതി ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു.
സമിതിയെ നിയോഗിച്ച നടപടിയില്‍ ഡബ്ലിയുസിസിയും ഫിലിം ചേംബറും വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇരുവരുടെയും പിന്മാറ്റം. ചർച്ച നടത്താതെ സമിതിയെ നിയോഗിച്ചെന്നായിരുന്നു ഡബ്ല്യുസിസിയുടെ വിമർശനം. ഹേമ കമ്മിറ്റി ശുപാർശകളിൽ സിനിമാനയം തയ്യാറാക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് സർക്കാർ സമിതി രൂപീകരണം.
സെപ്റ്റംബറിൽ കൊച്ചിയിൽ നടക്കുന്ന സിനിമാ കോൺക്ലേവിന് മുന്നോടിയായി കരട് തയ്യാറാക്കാനാണ് തീരുമാനം. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ. എംഎൽഎയും നടനുമായ എം മുകേഷ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, നടിമാരായ പത്മപ്രിയ, നിഖിലാ വിമൽ, നിർമാതാവ് സന്തോഷ് കുരുവിള, അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരാണ് മറ്റംഗങ്ങൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here