മഞ്ജു ചാലക്കുടിയിലേക്കില്ല, രാഷ്ട്രീയം തൻ്റെ മേഖലയല്ലെന്ന് താരം, അപ്പോള്‍ ഇടതുമുന്നണി പറഞ്ഞ സെലിബ്രറ്റി ആര്?

തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മഞ്ജു വാര്യര്‍. സിപിഎമ്മിന്റെ ‘സെലിബ്രറ്റി’ സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന ആകാംക്ഷ മുറുകുന്നതിനിടയിലാണ് മഞ്ജു തീരുമാനം ഉറപ്പിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയായി മഞ്ജു വാര്യര്‍ മത്സരിക്കുമെന്നും ഇതിനായി ചര്‍ച്ചകള്‍ നടക്കുന്നുവെന്നുമുള്ള പ്രചാരണം സോഷ്യൽ മീഡിയയില്‍ സജീവമാണ്. സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായി തൃശൂരില്‍ മത്സരിക്കുന്നത് ഉറപ്പായ സാഹചര്യത്തില്‍ മഞ്ജുവിനെ അയല്‍ മണ്ഡലമായ ചാലക്കുടിയില്‍ മത്സരിപ്പിച്ച് ജില്ലയില്‍ മുന്‍തൂക്കം നേടാന്‍ സിപിഎം ശ്രമിക്കുന്നതായാണ് ചര്‍ച്ച. ഇതെല്ലാം അസംബന്ധമാണെന്നും ഒരു പാര്‍ട്ടിക്ക് വേണ്ടിയും ഒരിടത്തും മത്സരിക്കില്ല എന്നുമാണ് മഞ്ജു വാര്യര്‍ അടുത്ത സുഹൃത്തുക്കളെ അറിയിച്ചത്.

രാഷ്ട്രീയപ്രവേശം തല്‍ക്കാലം അജണ്ടയില്‍ ഇല്ലെന്ന് മഞ്ജു വ്യക്തമാക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ നന്നായിതന്നെ ചെയ്യണം. എന്നാല്‍ അതിനുള്ള കഴിവ് തനിക്കുണ്ടെന്ന് തോന്നുന്നില്ല എന്നാണ് മഞ്ജുവിന്റെ നിലപാട്. സിനിമയും നൃത്തവും മാത്രമാകും തന്റെ ഇഷ്ട വിഷയങ്ങള്‍. നിലപാട് സിപിഎം നേതൃത്വത്തെയും അറിയിച്ചു. ലേഡി സൂപ്പര്‍ സ്റ്റാറിനെ സ്ഥാനാര്‍ത്ഥിയാക്കി ചാലക്കുടിയിലും സമീപ മണ്ഡലങ്ങളിലും മുന്‍തൂക്കം നേടാമെന്ന പ്രതീക്ഷ ചില സിപിഎം കേന്ദ്രങ്ങള്‍ക്കുണ്ടായിരുന്നു.

ഇന്നസെൻ്റിനെ അവതരിപ്പിച്ച മാതൃകയിൽ ചാലക്കുടിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ ‘സെലിബ്രറ്റി’ സാധ്യത ആവര്‍ത്തിക്കുമെന്ന് ഇടത് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. എല്‍ഡിഎഫിനെ ചില ഘട്ടങ്ങളില്‍ മാത്രം പിന്തുണച്ച മണ്ഡലമാണ് ചാലക്കുടി. കലാഭവന്‍ മണിയെ അവതരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കാന്‍ ഒരുതവണ സിപിഎം ആലോചിച്ചിരുന്നു. ഇന്നസെന്റ് ഇവിടെ സിപിഎം ചിഹ്നത്തില്‍ ജയിച്ച ചരിത്രവുമുണ്ട്. 2014ലെ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമുണ്ടായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു ഇന്നസെന്റിന്റേത്. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി.സി.ചാക്കോയെ 13,879 വോട്ടുകള്‍ക്ക് ഇന്നസെന്റ് വീഴ്ത്തി. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ബെന്നി ബഹ്നാന്‍ ഒരുലക്ഷം വോട്ട് നേടി മണ്ഡലം തിരിച്ചുപിടിച്ചു . പാര്‍ട്ടിക്ക് ശക്തമായ അടിത്തറയില്ലാത്ത മണ്ഡലമെന്ന സാഹചര്യത്തിലാണ് ഇത്തവണ മഞ്ജു വാര്യരിലേക്ക് സിപിഎം ചര്‍ച്ചകള്‍ നീണ്ടത്.

തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ചാലക്കുടി ലോക്സഭ മണ്ഡലം. പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് മുകുന്ദപുരം മണ്ഡലം ഇല്ലാതായതോടെ 2008ലാണ് ചാലക്കുടി മണ്ഡലം രൂപീകരിക്കപ്പെടുന്നത്. പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ രണ്ട് തവണയും യുഡിഎഫിനൊപ്പമായിരുന്നു മണ്ഡലം.

മഞ്ജുവാര്യരെക്കൂടാതെ ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി.തോമസ്, മുന്‍ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, സിഐടിയു നേതാവ് യു.പി.ജോസഫ് എന്നിവരുടെ പേരുകളും ചാലക്കുടിയിലേക്ക് പരിഗണിക്കുന്നുണ്ട്.

Logo
X
Top