കണ്ടെയ്‌നര്‍ നമ്പര്‍ 22; ഭാരത് ജോഡോ യാത്രായെ കുറിച്ച് ആദ്യ പുസ്തകമൊരുക്കി മഞ്ജുക്കുട്ടന്‍

തിരുവനന്തപുരം : രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്ര സംബന്ധിച്ച് ആദ്യമായി ഒരു പുസ്തകം പുറത്തിറങ്ങുകയാണ്. യാത്രയില്‍ രാഹുലിനൊപ്പം നടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും മലയാളിയുമായ ജി.മഞ്ജുക്കുട്ടനാണ് ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു പുസ്തകം പുറത്തിറക്കുന്നത്. യാത്രാവിവരണമായാണ് പുസ്തകം എഴുതിയിരിക്കുന്നത്. യാത്രയുടെ ഓരോ ദിവസത്തേയും അനുഭവങ്ങല്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. യാത്രയ്ക്കിടയില്‍ രാഹുല്‍ഗാന്ധിയും യാത്രികരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചകളും ചര്‍ച്ചകളും പ്രത്യേകം അദ്ധ്യായമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്‌നര്‍-22 എന്നാണ് പുസ്തകത്തിന്‍രെ പേര്. ഒരു ട്രാവല്‍ ഡയറിയുടെ രൂപത്തിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്.

ആദ്യ ദിനം തന്നെ പുസ്തകമാക്കണമെന്ന് തീരുമാനിച്ചു

ഭാരത് ജോഡോ യാത്രയുടെ ഭാഗമായ ആദ്യ ദിവസം തന്നെ അനുഭവങ്ങള്‍ പുസത്കമാക്കണമെന്ന് തീരുമാനിച്ചതായി ജി.മഞ്ജുക്കുട്ടന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. രാജ്യം വലിയ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ഭാരത് ജോഡോ യാത്രയെ കണ്ടത്. ഇന്നുവരെ ഒരു രാഷ്ട്രീയ നേതാവും ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടന്നിട്ടില്ല. ആ യാത്രയ്ക്കുളള ടീമില്‍ അംഗമായപ്പോള്‍ തന്നെ അഭിമാനം തോന്നി. ആദ്യ ദിവസം യാത്ര തുടങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധി നല്‍കിയ നിര്‍ദ്ദേശമാണ് യാത്രയെ പറ്റി എഴുതണമെന്നത്. ‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന അവസരമാണ്. വ്യത്യസ്തരായ ജനങ്ങള്‍, സംസ്‌കാരം എന്നിവ മനസിലാക്കണം, ഇതിനെ ആസ്വദിക്കണം’. ഇതായിരുന്നു രാഹുല്‍ നല്‍കിയ ഉപദേശമെന്നും മഞ്ജുക്കുട്ടന്‍ ഓര്‍ക്കുന്നു. ഇതിനു ശേഷമാണ് 145 ദിവസത്തെ യാത്രയുടെ ഓരോ ദിവസത്തെ വിവരങ്ങളും കുറിച്ചു വച്ച് ഭാരത് ജോഡോ അനുഭവങ്ങള്‍ സംബന്ധിച്ച് ഒരു പുസ്തകമെഴുതിയത്.

കണ്ടെയ്‌നര്‍ – 22. പേരും വ്യത്യസ്തം

പുസ്തകത്തിന് കണ്ടെയ്‌നര്‍ 22 എന്നാണ് മഞ്ജുക്കുട്ടന്‍ പേര് നല്‍കിയിരിക്കുന്നത്. അഞ്ച് മാസത്തിനടുത്ത് നീണ്ടു നിന്ന യാത്രയില്‍ സംഘം വിശ്രമിച്ചത് കണ്ടെയ്‌നറുകളില്‍ പ്രത്യേകം തയാറാക്കിയ സംവിധാനത്തിലായിരുന്നു. ഇത്തരത്തില്‍ മഞ്ജുക്കുട്ടന്‍ അടക്കമുള്ളവര്‍ക്ക് താമസിക്കാന്‍ ലഭിച്ച കണ്ടെയ്‌നറിന്റെ നമ്പറാണ് 22. ഇതില്‍ 12 പേരാണ് ഉണ്ടായിരുന്നത്. ചാണ്ടി ഉമ്മന്‍, അനീഷ്, നബീല്‍ കല്ലമ്പലം എന്നിവര്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നു. മദ്ധ്യപ്രദേശില്‍ നിന്ന് 3 പേരും ഉത്തരപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ട് പേരും, ഹിമാചല്‍ പ്രദേശില്‍ നിന്നും ഒരാളുമാണ് ഈ സംഘത്തിലുണ്ടായിരുന്നത്. ഇവരുമായുളള ആശയ വിനിമയങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രീതിപിടിക്കാന്‍ നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കും : രാഹുലിന്റെ ഉപദേശം

യാത്രയ്ക്കിടയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള സംവാദങ്ങള്‍ ഏറെ ഹൃദ്യമായിരുന്നതായാണ് മഞ്ജുക്കുട്ടന്‍ പറയുന്നത്. ഒരു നേതാവ് എങ്ങനെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കണം ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ ജനങ്ങളുമായുളള ബന്ധം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം തുടങ്ങിയവ സംബന്ധിച്ചാണ് രാഹുല്‍ഗാന്ധി സംസാരിച്ചത്. നേതാക്കളുടെ പ്രീതിപിടിക്കാന്‍ താഴെത്തട്ടിലുളള നേതാക്കള്‍ ജനങ്ങളുടെ അപ്രീയം മറച്ചു പിടിക്കാം. പൊതുവേദികളിലെ ആള്‍ക്കൂട്ടങ്ങളെ വോട്ടായി തെറ്റിദ്ധരിപ്പിക്കും. ഇത് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വ്യാജകാരണങ്ങള്‍ വിശ്വസിക്കാന്‍ വിധിക്കപ്പെട്ടവരായിത്തീരുമെന്നും രാഹുല്‍ ഉപദേശം നല്‍കിയതായി പുസ്തകത്തില്‍ പറയുന്നു. കര്‍ണ്ണാടകയില്‍ വച്ചാണ് രാഹുല്‍ഗാന്ധിയുമായുള്ള ദീര്‍ഘമായ സംവാദം നടന്നത്. ഇതും ജന്‍മനാടായ കരുനാഗപ്പളളിയിലൂടെ രാഹുലിനൊപ്പം നടന്നതും ഒരിക്കലും മറക്കാത്ത ഓര്‍മ്മയായി മഞ്ജുക്കുട്ടന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദിവാസികളുടെയും ദളിതരുടെയും മുസ്ലീം ന്യൂന പക്ഷങ്ങളുടെയും ട്രാന്‍സ് കമ്മ്യൂണിറ്റിയുടെയും കാര്യത്തില്‍ രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രത്യേക പാക്കേജെന്ന രാഹുലിന്റെ വാഗ്ദാനം പ്രചോദനമാണെന്നാണ് പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്.

376 പേജുകളുള്ള പുസ്തകം ശ്രേഷ്ഠ പബ്ലിക്കേഷന്‍സാണ് പുറത്തിറക്കുന്നത്. എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അടുത്തമാസം പുസ്തകം പ്രകാശനം ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top