കമല്‍ഹാസന്റെ ‘ഗുണ’ റീ റിലീസ് ചെയ്‌തേക്കുമെന്ന് സംവിധായകന്‍; എല്ലാത്തിനും കാരണം ‘മഞ്ഞുമ്മല്‍ ബോയ്‌സ്’

മഞ്ഞുമ്മല്‍ ബോയ്‌സ് ഹിറ്റായതോടെ, 33വര്‍ഷം മുമ്പിറങ്ങിയ കമല്‍ ഹാസന്‍ നായകനായ ഗുണ സിനിമയും അതിലെ ഇളയരാജയുടെ ‘കണ്മണി അന്‍പോട്’ എന്ന ഗാനവും വീണ്ടും തരംഗമാകുകയാണ്. കമല്‍ഹാസന്റെ ഗുണ എന്ന കഥാപാത്രം കാമുകിക്കെഴുതിയ പ്രണയലേഖനമാണ് മനോഹരമായൊരു പ്രണയഗാനമായി ആസ്വാദകര്‍ക്ക് ലഭിച്ചത്. ഇപ്പോള്‍ ആ ഗാനം സൗഹൃദത്തിന്റെ ആന്തമായി യുവതലമുറ ഏറ്റെടുത്തു. കൊടൈക്കനാലിലെ ടൂറിസ്റ്റ് സ്ഥലമായ ഡെവിള്‍സ് കിച്ചണ്‍, ഗുണ കേവ് ആയത് ഗുണ സിനിമ കൊണ്ടാണെങ്കില്‍, ‘കണ്മണി അന്‍പോട്’ എന്ന ഗാനം സുഹൃദ് ബന്ധങ്ങളുടെ പാട്ടായി മാറിയതിന്റെ ക്രെഡിറ്റ് മഞ്ഞുമ്മല്‍ ബോയ്‌സിനാണ്. സന്താന ഭാരതി സംവിധാനം ചെയ്ത ഗുണ എന്ന ചിത്രം തിയറ്ററുകളില്‍ റീ റിലീസ് ചെയ്യണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുകയാണ്. ആവശ്യം നിറവേറും എന്ന സൂചനയാണ് സന്താന ഭാരതിയും നല്‍കുന്നത്.

ജയംരവി ചിത്രം സൈറണ്‍, കാളിദാസ് ചിത്രം പോര്‍ എന്നിവയെ മലര്‍ത്തിയടിച്ചാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ ഓളം സൃഷ്ടിക്കുന്നത്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നലെ മുന്നൂറിലധികം ഷോകളാണ് സിനിമയ്ക്കുണ്ടായിരുന്നത്. ഇതിനു പ്രധാന കാരണമായത് ചിത്രത്തിന്റെ പശ്ചാത്തലമായ ഗുണ കേവും കണ്‍മണി എന്ന ഗാനത്തിന്റെ സാന്നിധ്യവുമാണ്. കമല്‍ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മല്‍ ബോയ്‌സ് ടീം നടത്തിയ കൂടിക്കാഴ്ചയും സിനിമയ്ക്ക് ഗുണമായി. ഇതിനു പിന്നാലെയാണ് ഗുണ വീണ്ടും പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ഉയരുന്നത്.

ഗുണ റീ റിലീസ് ചെയ്യണമെന്ന് താനും ആഗ്രഹിക്കുന്നുവെന്നാണ് സംവിധായകന്‍ സന്താന ഭാരതിയുടെ പ്രതികരണം. കമല്‍ ഹാസനോട് സംസാരിച്ചിരുന്നു. ചിത്രത്തിന്റെ റൈറ്റ്‌സ് ആരുടെ പക്കലാണെന്നതില്‍ ആശയക്കുഴപ്പമുണ്ട്. അത് പെട്ടെന്നുതന്നെ കണ്ടെത്തി കാര്യങ്ങള്‍ മുന്നോട്ടുനീക്കാനാവുമെന്ന് കരുതുന്നുവെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സന്താന ഭാരതി പറയുന്നു. 1991 നവംബറില്‍ ഇറങ്ങിയ ഗുണ അന്ന് മണിരത്‌നം സിനിമ ദളപതിയോടാണ് ഏറ്റുമുട്ടിയത്. ചിത്രം ശരാശരി വിജയത്തില്‍ ഒതുങ്ങുകയായിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സില്‍ ക്ലൈമാക്‌സിലെ നിര്‍ണായക നിമിഷത്തിലാണ് കമല്‍ഹാസന്‍ ചിത്രത്തിലെ ഗാനം ഉപയോഗിച്ചിരിക്കുന്നത്. കമല്‍ഹാസന്റെ വലിയ ആരാധകനായ ചിദംബരം അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ ഗാനം സിനിമയില്‍ ഉപയോഗിച്ചത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഈ ഗാനം ഏത് സീനില്‍ വയ്ക്കണമെന്ന വ്യക്തമായ ധാരണ ചിദംബരത്തിനുണ്ടായിരുന്നു. ഈ പാട്ടില്ലെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല എന്ന് അഭിനേതാക്കളും അഭിമുഖത്തില്‍ പറയുകയുണ്ടായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top