പ്രേമയുഗത്തിൽ അവതരിച്ച് മഞ്ഞുമ്മൽ ബോയ്സ്; മലയാള സിനിമക്ക് ഹാട്രിക് ഹിറ്റ്; ടിക്കറ്റ് കിട്ടാതെ പ്രേക്ഷകർ

പ്രേമവും പ്രേതവും ഒന്നിച്ചാല്‍ എന്തു സംഭവിക്കും? അതിനൊപ്പം ഒരു സര്‍വൈവല്‍ ത്രില്ലര്‍ കൂടി ചേര്‍ന്നാലോ? കഴിഞ്ഞ ഏതാനും ആഴ്ചകളായി തിയറ്ററുകളില്‍ മത്സരിച്ച് മുന്നേറുന്ന രണ്ട് ചിത്രങ്ങളാണ് പ്രേമലുവും ഭ്രമയുഗവും. രണ്ടും ഹിറ്റായാതോടെ ‘ഇത് പ്രേമയുഗം’ എന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറഞ്ഞു. ഹോളിവുഡില്‍ ഓപ്പണ്‍ഹെയ്മറും ബാര്‍ബിയും ഒരേ സമയം തരംഗം തീര്‍ത്തപ്പോള്‍ ഉണ്ടായ ബാര്‍ബെര്‍ഹെയ്മര്‍ കോമ്പിനേഷനായും പ്രേമയുഗത്തെ താരതമ്യം ചെയ്യുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം ഈ പ്രേമയുഗത്തോടൊപ്പം ഒരു സംഘം ചെറുപ്പക്കാരും കൂടി ചേര്‍ന്നതോടെ മലയാള സിനിമ ഒരു ഹാട്രിക് വിജയത്തിലേക്ക് കയറിയെന്ന് പറയാം. ഇന്നലെ റിലീസ് ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. റിലീസ് ദിവസം തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് മൂന്നരക്കോടി നേടിയതായാണ് റിപ്പോര്‍ട്ട്. വ്യത്യസ്ത ഴോണറുകളിലുള്ള സിനിമകള്‍ ഒരേസമയം തിയറ്ററുകളില്‍ വിജയം നേടുന്നത് വല്ലപ്പോഴും സംഭവിക്കുന്ന അപൂര്‍വതയാണ്.

കുറഞ്ഞ ബജറ്റില്‍ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു, ഫെബ്രുവരി 9നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. തുടക്കം മുതല്‍ അവസാനം വരെ ചിരി പടര്‍ത്തിയ സിനിമ വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്നതാണെന്ന പൊതു അഭിപ്രായവുമുണ്ട്. യുവതാരങ്ങളായ നസ്‌ലെന്‍, മമിത ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രേമലു എത്തി തൊട്ടടുത്ത ആഴ്ചയാണ് മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ ഹൊറര്‍ ത്രില്ലര്‍ ഭ്രമയുഗം റിലീസ് ചെയ്തത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. പല ഭാഷകളില്‍ റിലീസ് ചെയ്ത ഭ്രമയുഗത്തിന്റെ തെലുങ്ക് പതിപ്പ് മാത്രം ആന്ധ്രയിലെ 94 തിയറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി.

‘പ്രേമയുഗം’ തീയറ്ററുകളെ ആവേശം കൊള്ളിക്കുമ്പോഴാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വരവ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. പ്രതീക്ഷ തെറ്റിക്കാതെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 2006 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം, ഗംഭീര വിജയത്തിലേക്ക് നീങ്ങുന്നു എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സുഹൃത്തുക്കളായ യുവാക്കള്‍ നേരിട്ട അപകട സാഹചര്യമാണ് ചിത്രത്തിന്റെ പാശ്ചാത്തലം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, വിഷ്ണു രഘു, അരുണ്‍ കുര്യന്‍ തുടങ്ങിയ വന്‍ താരനിരയാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അങ്ങനെ മഞ്ഞുമ്മല്‍ പ്രേമയുഗത്തോടൊപ്പം ചേര്‍ന്ന് ‘പ്രേമയുഗം ബോയ്‌സ്’ ട്രെന്‍ഡിങ്ങ് ആയിക്കൊണ്ടിരിക്കുകയാണ്. വളരെ മികച്ച തുടക്കമാണ് 2024 മലയാള സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. മൂന്നു സിനിമകള്‍ക്കും ഇപ്പോഴും കേരളത്തിലെ പ്രധാനനഗരങ്ങളിലുള്ള തിയറ്ററുകളില്‍ ടിക്കറ്റ് ഇല്ല. മലയാള സിനിമയ്ക്ക് നേടിയ ഹാട്രിക് വിജയത്തിന്റെ ആഘോഷത്തിലാണ് സിനിമാപ്രേമികള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top