സൗബിനെ ഇഡി ചോദ്യം ചെയ്തു; വീണ്ടും വിളിപ്പിക്കുമെന്ന് വിവരം; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാണ തര്‍ക്കത്തില്‍ പറവ ഫിലിംസിന് കുരുക്ക് മുറുകുന്നു

പി. ചിദംബരം സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിലെ താരവും നിര്‍മാതാക്കളിലൊരാളുമായി സൗബിന്‍ ഷാഹിറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് നടപടി. സിനിമയുടെ വിതരണക്കാരന്‍ കെ.സുജിത്തിനെയും നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയേയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ കൊച്ചി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.

സിനിമ മേഖലയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള കള്ളപ്പണമിടപാടുകള്‍ നടക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് ഇഡി അന്വേഷണം എന്നാണ് റിപ്പോര്‍ട്ട്. സൗബിന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിന്റെ കള്ളപ്പണമിടപാടുകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. നടന്മാരുടേതുള്‍പ്പെടെയുള്ള നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം കേന്ദ്രീകരിച്ച് വലിയ തട്ടിപ്പ് നടന്നു എന്ന ആരോപണം ഉയര്‍ന്നത്. 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് വിശ്വാസവഞ്ചന നടത്തി മുതല്‍മുടക്കുപോലും തിരിച്ചുനല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് നല്‍കിയ സ്വകാര്യ ഹര്‍ജിയില്‍ നേരത്തേ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു എറണാകുളം മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സിനിമയുടെ നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

പറവ ഫിലിംസ് നിര്‍മ്മിച്ച മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്ക് പണം മുടക്കിയാല്‍ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതുപ്രകാരം പല തവണകളിലായി 7 കോടി രൂപയാണ് പരാതിക്കാരന്‍ മുടക്കിയത്. സിനിമ വിജയിക്കുകയും 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ചെയ്തു. മുതല്‍മുടക്കും ലാഭവിഹിതവും പ്രകാരം 47 കോടി രൂപയാണ് പരാതിക്കാരന് ലഭിക്കേണ്ടത്. എന്നാല്‍ പ്രതികള്‍ അന്യായമായി ലാഭം കൈക്കലാക്കാന്‍ ഗൂഡാലോചന നടത്തി വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 150 കോടിയിലധികം രൂപയാണ് മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നേടിയത്. ആഗോള തലത്തില്‍ 225 കോടി രൂപ സിനിമ സ്വന്തമാക്കി. കേരളത്തിനു പുറമേ തമിഴ്നാട്ടിലും സിനിമ ഹിറ്റായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top