പ്രേമലുവിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്‌സും ഒടിടിയിലേക്ക്; എത്തുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍; ഡിജിറ്റല്‍ റിലീസ് മെയ് മൂന്നിനെന്ന് റിപ്പോർട്ട്
കേരളത്തിനകത്തും പുറത്തും വമ്പന്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചിദംബരം സംവിധാനം ചെയ്ത ചിത്രം മെയ് മൂന്നിന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുമെന്നാണ് ഏറ്റവും പുതിയ വിവരം. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും മഞ്ഞുമ്മല്‍ ബോയ്‌സ് ലഭ്യമാകും.
250 കോടിക്കു മുകളിലാണ് ഇതുവരെയുള്ള ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ അടുത്തിടെയാണ് റിലീസ് ചെയ്തത്. ഏപ്രിലില്‍ ഒടിടി റിലീസ് ഉണ്ടാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിവരം തെറ്റാണെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചതായി ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ ആറാം തിയതിയാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശനം ആരംഭിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രധാന തെലുങ്ക് റിലീസുകള്‍ മാറ്റിവച്ചതും ചിത്രത്തിന് ഗുണം ചെയ്തു. ഏപ്രില്‍ രണ്ടാം വാരത്തോടെ ചിത്രത്തിന് ഡിജിറ്റല്‍ റിലീസ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നും ടീം വ്യക്തമാക്കിയിരുന്നു.
2006ല്‍ കൊടൈക്കനാലില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന പേരില്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രം. തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ അണിനിരന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് ഒരു സുഹൃദ് സംഘം യാത്ര പോകുന്നതും അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം. ഷൈജു ഖാലിദ് ഛായാഗ്രഹണം. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here