33 വർഷത്തെ രാജ്യസഭ അംഗത്വം അവസാനിപ്പിച്ച് മൻമോഹൻ സിംഗ്; കാലാവധി പൂർത്തിയാക്കുന്നത് 54 പേർ, സോണിയാഗാന്ധി ആദ്യമായി ഉപരിസഭയിലേക്ക്

ഡൽഹി: രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കി ഇറങ്ങാൻ ഒരുങ്ങി 54 നേതാക്കൾ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഒൻപത് കേന്ദ്രമന്ത്രിമാർ തുടങ്ങിയവരും കാലാവധി പൂർത്തിയാക്കി ഇന്ന് സഭയിൽ നിന്ന് ഇറങ്ങും. ഇവരിൽ ചിലർക്ക് അടുത്ത ടേമിൽ രാജ്യസഭയിൽ അംഗത്വവും നൽകിയിട്ടില്ല. ആറ് വർഷമാണ് രാജ്യസഭ അംഗത്വത്തിന്റെ കാലാവധി.

33 വർഷത്തെ രാജ്യസഭ അംഗത്വത്തിനാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഇന്ന് വിരാമമിടുന്നത്. 1991ലാണ് മൻമോഹൻ സിംഗ് ആദ്യമായി രാജ്യസഭയിലെത്തുന്നത്. 1991 മുതൽ 1996 വരെ ഇന്ത്യയുടെ ധനകാര്യമന്ത്രിയായിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായിരുന്നു മൻമോഹൻ സിംഗ്. സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം തുടങ്ങി ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതും മൻമോഹൻ സിംഗായിരുന്നു. 2004 മുതൽ 2014 വരെ പത്തുവർഷം ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു. മൂന്ന് പതിറ്റാണ്ടിനു മുകളിൽ രാജ്യസഭയിൽ സജീവ സാന്നിധ്യമായിരുന്ന മൻമോഹൻ സിംഗ് തൊണ്ണൂറ്റി ഒന്നാം വയസിലാണ് സഭയോട് വിട പറയുന്നത്. 1991 മുതൽ തുടർച്ചയായി അസമിനെ പ്രതിനിധീകരിച്ച് സഭയിലെത്തിയ മൻമോഹൻ സിംഗ് 2019ൽ കളം മാറ്റി രാജസ്ഥാനിൽ നിന്നാണ് രാജ്യസഭയിൽ വന്നത്.

അതേസമയം മൻമോഹൻ സിംഗ് സ്ഥാനമൊഴിയുന്ന സീറ്റിലേക്ക് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എത്തും. ആദ്യമായാണ് സോണിയ ഗാന്ധി രാജ്യസഭയിൽ അംഗമാകുന്നത്. 2004 മുതൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോണിയ ഈ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, മൻസുഖ് മാണ്ഡവ്യ, പർഷോത്തം രൂപാല, രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, എൽ.മുരുഗൻ, ഭുപേന്ദ്ര യാദവ് തുടങ്ങിയവരുടെയും കാലാവധി പൂർത്തിയായി. എൽ.മുരുഗൻ ഒഴികെ മറ്റുള്ളവർ ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്. മുരുഗൻ വീണ്ടും രാജ്യസഭ അംഗമാകും. ഇതിനുപുറമെ സമാജ്‌വാദി പാർട്ടിയുടെ ജയാ ബച്ചൻ, ആർജെഡി നേതാവ് മനോജ് കുമാർ ജാ, കോൺഗ്രസ് നേതാവ് നസീർ ഹുസൈൻ എന്നിവരും വീണ്ടും രാജ്യസഭയിലേക്ക് എത്തും. എന്നാൽ ബിജെപി നേതാക്കളായ പ്രകാശ് ജാവദേക്കർ, സുശീൽ കുമാർ മോദി എന്നിവരെ രാജസഭയിലേക്ക് വീണ്ടും നാമനിർദ്ദേശം ചെയ്തിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top