ആധാർ മുതൽ ആണവകരാർ എന്ന രാഷ്ട്രീയ ധൈര്യം വരെ… പകരക്കാരനില്ലാത്ത മൻമോഹൻ

ഇന്ത്യയെ ഒരു ലോക ശക്തിയായി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് കഴിഞ്ഞ ദിവസം അന്തരിച്ച രാജ്യത്തിൻ്റെ മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിംഗ്. രാജ്യത്തിൻ്റെ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾക്ക് പകരം വയ്ക്കാനില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.


1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരിക്കെ നടപ്പാക്കിയ നയങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക പരിഷ്ക്കാരങ്ങൾക്ക് അടിത്തറയിട്ടത്. വിദേശ നിക്ഷേപം (എഫ്ഡിഐ) വർദ്ധിപ്പിക്കുക, സർക്കാർ നിയന്ത്രണങ്ങൾ കുറയ്ക്കുക എന്നിങ്ങനെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ആഗോള വിപണിയിലേക്ക് തുറന്നുകൊടുക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങളാണ് അദ്ദേഹം നടപ്പാക്കിയത്.

എക്സൈസ്, കസ്റ്റംസ് തീരുവകൾ അദ്ദേഹം വെട്ടിക്കുറച്ചു. ഉയർന്ന ആദായനികുതി കുത്തനെ കുറയ്ക്കുകയും ചെയ്തു. വിദേശനാണ്യ വിനിമയത്തിനുള്ള നിയന്ത്രണത്തിലും അയവു വരുത്തിയതോടെയാണ് ഇന്ത്യയുടെ സാമ്പത്തികരംഗത്തെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയത്. ടെലികോം, റോഡ് നിർമാണം, ബാങ്കിംഗ്, ഇൻഷുറൻസ്, വൈദ്യുതോൽപാദനം അടക്കമുള്ള മേഖലകളിലെ സർക്കാർ കുത്തക അവസാനിപ്പിക്കാനും മൻമോഹൻ സിംഗ് ശുപാർശ ചെയ്തു.

അന്ന് പ്രതിപക്ഷത്തുനിന്ന് ഉദാരവൽക്കരണ നടപടികൾക്കെതിരെ കടുത്ത എതിർപ്പുയർന്നു. എന്നാൽ സാമ്പത്തികനില മെച്ചപ്പെടുത്തിക്കാണിച്ചാണ് ഡോ സിംഗ് മറുപടി നൽകിയത്. പ്രധാനമന്ത്രിയായിരിക്കെ സാമ്പത്തികരംഗത്തെ പരിഷ്കരണങ്ങൾക്കൊപ്പം രാജ്യത്തെ പാവങ്ങൾക്കായി ശക്തമായ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കാനും അദ്ദേഹത്തിനായി. ആണവരംഗത്തും ഇന്ത്യയെ അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (NREGA)


2005ൽ മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാരാണ് ഈ നിയമം കൊണ്ടുവരുന്നത്. ഓരോ ഗ്രാമീണ കുടുംബത്തിനും 100 ദിവസം വേതനത്തോടുള്ള തൊഴിൽ ഉറപ്പുനൽകി, ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗമായി ഈ പദ്ധതി മറി. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ ഈ പദ്ധതി വഴി കഴിഞ്ഞു.


വിവരാവകാശ നിയമം (RTI)


2005ൽ പാസാക്കിയ വിവരാവകാശ നിയമം പൗരന്മാർക്ക് പൊതു അധികാരികളിൽ നിന്ന് വിവരങ്ങൾ തേടാനുള്ള അവകാശം നൽകുന്നു. ഇതുവഴി ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുന്നിന് സഹായകരമായി.


ആധാർ

വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് പൗരൻമാർക്കുള്ള സവിശേഷമായ തിരിച്ചറിയൽ രേഖയായ ആധാർ ആരംഭിച്ചു.


ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ


ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം നടപ്പാക്കുകവഴി ക്ഷേമനിധി വിതരണം കാര്യക്ഷമമാക്കുകയും നിരവധി പഴുതുകൾ നീക്കുകയും ചെയ്തു.


കാർഷിക വായ്പ എഴുതിത്തള്ളൽ


കാർഷിക പ്രതിസന്ധി മറികടക്കാൻ 2008 ൽ 60,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി കർഷകർക്ക് ആശ്വാസം നൽകി.


ഇന്ത്യ-യുഎസ് ആണവ കരാർ

ഡോ.മൻമോഹൻ സിംഗിൻ്റെ രാഷ്ട്രീയ ധൈര്യം എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഇന്ത്യ -യുഎസ് ആണവ കരാർ. തൻ്റെ സർക്കാരിന് പിന്തുണ നൽകിയ ഇടത് പക്ഷത്തിൻ്റെ എതിർപ്പ് അവഗണിച്ചു കൊണ്ടായിരുന്നു ഈ നീക്കം. അമേരിക്കയും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച 123 ഉടമ്പടി യു എസ്-ഇന്ത്യ സിവില്‍ ആണവ കരാര്‍ എന്നാണ് അറിയപ്പെടുന്നത്.

2005 ജൂലൈ 18 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യു എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയായിരുന്നു കരാറിന്റെ ചട്ടക്കൂട്. അതിനു കീഴില്‍ സിവില്‍, മിലിട്ടറി ആണവ കേന്ദ്രങ്ങള്‍ വേര്‍തിരിക്കാനും അതിന്റെ എല്ലാ സ്ഥാപനങ്ങളും സ്ഥാപിക്കാനും ഇന്ത്യ സമ്മതിച്ചു.


കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് ആണവ വിതരണ ഗ്രൂപ്പില്‍ (Nuclear Suppliers Group) ഇളവ് ലഭിച്ചു. സിവിലിയന്‍, മിലിട്ടറി ആണവ പദ്ധതികള്‍ വേര്‍തിരിക്കാനും ഈ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളില്‍ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യാനും ഇന്ത്യക്ക് അനുമതി ലഭിച്ചു. ഇതോടെ ആണവ മേഖലയിൽ ഇന്ത്യ നേരിടു കൊണ്ടിരുന്ന ഒറ്റപ്പെടലുകൾക്കും അവസാനമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top