ഇതുപോലെ ഒരു പ്രധാനമന്ത്രിയും വിദ്വേഷപ്രസംഗം നടത്തിയിട്ടില്ല; മോദി പദവിയുടെ അന്തസ് താഴ്ത്തി; വിമര്‍ശനവുമായി മന്‍മോഹന്‍ സിങ്
ഡല്‍ഹി : നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോദിയുടെ വിദ്വേഷ പ്രസംഗങ്ങളെയാണ് മന്‍മോഹന്‍ സിങ് വിമര്‍ശിച്ചിരിക്കുന്നത്. ഒരു പ്രധാനമന്ത്രിയും ഇതുപോലെ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയിട്ടില്ല. ഒരു പ്രത്യേക സമുദായത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യംവച്ചുള്ള വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങള്‍ നിരന്തരം നടത്തുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് താഴ്ത്തുന്ന പ്രവര്‍ത്തനമാണ് മോദിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും മന്‍മോഹന്‍ സിങ് വിമര്‍ശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് മുന്നോടിയായി പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലായിരുന്നു മുന്‍പ്രധാനമന്ത്രിയുടെ രൂക്ഷവിമര്‍ശനം.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുണ്ടാക്കുന്നവര്‍ക്കും നല്‍കുമെന്നായിരുന്നെന്ന് രാജസ്ഥാനില്‍ ഏപ്രിലില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍ മുസ്ലീംങ്ങളാണെന്നാണ് മന്‍മോഹന്‍ സിങ് മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതെന്നും മോദി പ്രസംഗിച്ചിരുന്നു. ഇതിനുളള മറുപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here