തൊഴിലുറപ്പ് പദ്ധതിയും സിപിഎമ്മിന്റെ അവകാശവാദവും; മന്മോഹന് സിങിന്റെ സ്വപ്നപദ്ധതിയില്‍ ഇടതുപക്ഷത്തിന് എന്ത് റോളുണ്ട്?
മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് രൂപംകൊടുത്ത മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷത്തിന്റെ ശ്രമഫലമായി ആവിഷ്കരിച്ചതാണെന്ന അവകാശ വാദത്തില്‍ വല്ല കഴമ്പുമുണ്ടോ? മന്മോഹന് സിംഗിന്റെ ചരമ വാര്‍ത്തയില്‍ പോലും ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദ ഫലമായാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതെന്ന് ദേശാഭിമാനി എഴുതിയിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതിക്ക് രൂപം കൊടുക്കുന്നതില്‍ ഇന്ത്യയിലെ ഇടതു കക്ഷികള്‍ക്ക് പ്രത്യേകിച്ച് സിപിഎമ്മിനോ സിപിഐക്കോ യാതൊരു റോളുമില്ല എന്നതാണ് യഥാര്‍ത്ഥ്യം.
1983ല്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഭൂമിയില്ലാത്ത ഗ്രാമീണര്‍ക്കായി ഒരു തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. The Rural Landless Employment Guarantee Programme (RLEGP) എന്നായിരുന്നു ഇതിൻ്റെ പേര്. എന്നാലീ പദ്ധതിക്ക് ഉദ്ദേശിച്ചത്ര ഫലമോ നേട്ടമോ ഉണ്ടാക്കിയില്ല. 1991ല്‍ നരസിംഹറാവു മന്ത്രിസഭയുടെ കാലത്ത് ദേശീയ തൊഴിലുറപ്പ് നിയമത്തിന് രൂപം നല്‍കിയെങ്കിലും അതും ഫലവത്തായില്ല. പിന്നീട് 2004ൽ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സർക്കാർ തിരഞ്ഞെടുപ്പ് കാലത്ത് ‘ഇന്ത്യ തിളങ്ങുന്നു’ (ഇന്ത്യാ ഷൈനിംഗ്) ക്യാമ്പയിനുമായി മുന്നേറുന്ന വേളയിലാണ് കോണ്‍ഗ്രസ് അവരുടെ തിരഞ്ഞെടുപ്പ് പത്രികയില്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി വര്‍ഷത്തില്‍ മിനിമം 100 ദിവസം തൊഴില്‍ ഉറപ്പാക്കുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് വാഗ്ദാനം നടത്തിയത്.
‘A National Employment Guarentee Act will be enacted immediately. This will provide a legal guarentee for at least 100 days of employment on asset creating public works programmes every Year at minimum wages for every rural house hold’ എന്ന് വളരെ വ്യക്തമായി കോണ്‍ഗ്രസിന്റെ 2004ലെ പ്രകടന പത്രികയില്‍ എഴുതിയിട്ടുണ്ട്. ഈ വാഗ്ദാനമെങ്ങനെ ഇടതുപക്ഷത്തിന്റെ ക്രെഡിറ്റില്പ്പെടുത്തും? മന്മോഹന് സിങും, ജയറാം രമേശും ഉള്‍പ്പെട്ട മാനിഫെസ്റ്റോ രൂപീകരണ സമിതിയാണ് തൊഴിലുറപ്പ് പദ്ധതിയുടെ കരട് തയ്യാറാക്കിയത്.
2004ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ എന്ന മുന്നണി സംവിധാനം രൂപീകൃതമായത്. ആ ഘട്ടത്തിലാണ് ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയ്ക്ക് പുറത്ത് നിന്ന് പിന്തുണ നല്‍കാമെന്ന് ഇടതുപക്ഷം വാഗ്ദാനം ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് പൊതുമിനിമം പ്രോഗ്രാമിന് രൂപം കൊടുത്തത്. ഇതിലെ ഒരു പ്രധാന ഇനമായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത തൊഴിലുറപ്പ് പദ്ധതിയും മാറി. ഈ സ്കീം വേഗത്തിൽ നടപ്പാക്കാന്‍ ഇടതുകക്ഷികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാവാം എന്നല്ലാതെ, ഈ പദ്ധതി ഇടതുപക്ഷത്തെ കക്ഷികള്‍- പ്രത്യേകിച്ച് സിപിഎം രൂപം കൊടുത്തതാണെന്ന അവകാശവാദത്തിന് ഒരടിസ്ഥാനവുമില്ല.
2016 ജനുവരിയിലെ ദേശാഭിമാനിയില്‍ ഒരു എഡിറ്റോറിയലിൽ ഇങ്ങനെ പറയുന്നു.- ‘ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ തയ്യാറായതെന്ന വസ്തുത പലര്‍ക്കും അറിയില്ല. യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തെ ആശ്രയിച്ച് ഭരണം നടത്തുന്ന കാലത്താണ് പദ്ധതി ആരംഭിച്ചത്. അതും മനസ്സില്ലാ മനസ്സോടെയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കുമെന്നാണ് തീരുമാനം’.
കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ഒരു പദ്ധതി നടപ്പാക്കാന്‍ ഇടതുപക്ഷം എന്ത് സമ്മര്‍ദ്ദമാണ് ചെലുത്തിയതെന്ന് വ്യക്തമല്ല.
നെഹറുവും ഇന്ദിരാ ഗാന്ധിയും നടപ്പാക്കിയ ശാസ്ത്ര നേട്ടങ്ങളുടെ പിതൃത്വമേറ്റെടുത്ത് മോദി സര്‍ക്കാര്‍ നടത്തുന്ന അവകാശ വാദങ്ങള്‍ പോലെയാണ് തൊഴിലുറപ്പ് പദ്ധതിയുടെ പേരിലുള്ള ഇടതു കക്ഷികളുടെ അവകാശവാദം. തിരഞ്ഞെടുപ്പു കാലങ്ങളിലും മറ്റും ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷം മുന്നോട്ട് വെച്ച ആശയമാണെന്നൊക്കെ സിപിഎം പ്രചരിപ്പിക്കുന്ന പതിവുണ്ട്. അത് തന്നെയാണ് മന്മോഹന് സിംഗിന്റെ ചരമവാർത്തയിലും പാര്‍ട്ടിപത്രം ആവർത്തിക്കുന്നത്.
പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിന്റെ 2004 ലെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ തന്നെ, ഗ്രാമീണ ജനതയുടെ ഉന്നമനത്തിനായി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതും യുപിഎയുടെ പൊതു മിനിമം പരിപാടിയിലുള്ളതുമായ ഏഴ് പ്രധാന പോളിസികളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു. ഗ്രാമീണ ജനതയുടെ വികാസത്തിനും വളര്‍ച്ചയ്ക്കുമായി ഊന്നല്‍ നല്കുന്ന പദ്ധതികളുടെ രൂപരേഖ ചെങ്കോട്ടയില്‍ നിന്നദ്ദേഹം വിശദീകരിച്ചിരുന്നു. അതിലേറ്റവും പുരോഗമനപരമായ പ്രഖ്യാപനം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ക്കുറിച്ചായിരുന്നു.
യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലാദ്യമായി 1977ല്‍ മഹാരാഷ്ടയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന വസന്തദാദ പാട്ടീലാണ് ഗ്രാമീണ തൊഴില്‍ സുരക്ഷാ പദ്ധതിയായ മഹാരാഷ്ട്ര എംപ്ലോയിമെന്റ് ഗ്യാരന്റി സ്കീം എന്നൊരു പദ്ധതിക്ക് രൂപംകൊടുത്തത്. എന്നാല്‍ 1979ല്‍ ശരത് പവാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ഇത് നടപ്പിലാക്കിയത്. മഹാരാഷ്ട്രയില്‍ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് അക്കാലത്ത് പ്ലാനിംഗ് കമ്മീഷന് വൈസ് ചെയര്‍മാനായിരുന്ന മന്മോഹന് സിംഗ് വിശദമായി പഠിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന സഞ്ജയ് ബാരു തന്റെ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (Page 138- 158). ഈ തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം ഗാന്ധി കുടുംബം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും സഞ്ജയ് ബാരു തന്റെ പുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ തൊഴിലുറപ്പ് പദ്ധതി മനസില്‍ വെച്ചുകൊണ്ടാണ് 2004ലെ കോണ്‍ഗ്രസ് മാനിഫെസ്റ്റോ കമ്മറ്റി അംഗങ്ങളായ മന്മോഹന് സിംഗും ജയറാം രമേശും ചേര്‍ന്ന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് ഈ പദ്ധതിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. അത് കൊണ്ടാണ് ഒരളവിലെങ്കിലും ആ സ്കീം ഫലപ്രദമായി നടപ്പാക്കാനായത്.
ചരിത്രവും സത്യവും വസ്തുതയും ഇതായിരിക്കെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷത്തിന്റെ കണ്ടുപിടുത്തമാണ് എന്ന അവകാശവാദത്തിന് ഒരടിസ്ഥാനവുമില്ല. ദീര്‍ഘകാലം ഇടതുപക്ഷം ഭരിച്ച ബംഗാളിലോ ത്രിപുരയിലോ ഇതുപോലൊരു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാനോ രൂപം കൊടുക്കാനോ കഴിഞ്ഞിട്ടില്ല. ഈ ജാള്യത മറയ്ക്കാൻ കൂടിയാണ് കോണ്‍ഗ്രസ് രൂപം കൊടുത്ത പദ്ധതിയുടെ പിതൃത്വം കവരാന്‍ ഇടതുപക്ഷവും പ്രത്യേകിച്ചും സിപിഎം നിരന്തരം ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here