‘എൻ്റെ അച്ഛൻ മരിച്ചപ്പോൾ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല’; മൻമോഹൻ്റെ ചിതയെരിയും മുമ്പ് വിമർശനവുമായി പ്രണബ് മുഖർജിയുടെ മകള്‍

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് അനുശോചനം രേഖപ്പെടുത്താൻ കൂടിയ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയെ വിമർശിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. തൻ്റെ അച്ഛൻ മരിച്ചപ്പോൾ പ്രവർത്തക സമിതി വിളിക്കാത്ത തീരുമാനത്തെയാണ് കോൺഗ്രസ് നേതാവിൻ്റെ മകൾ കുറ്റപ്പെടുത്തിയത്. എക്സിലൂടെയായിരുന്നു അവരുടെ വിമർശനം.

പ്രണബ് മുഖർജിയുടെ മരണത്തിന് ശേഷം കോൺഗ്രസ് വർക്കിംഗ് കമിറ്റി വിളിക്കണമെന്ന ചിന്ത ആർക്കുമുണ്ടായില്ല. 2020ലാണ് പ്രണബ് മുഖർജി മരിച്ചത്. എന്നാൽ അദ്ദേഹത്തിന് വേണ്ടി യോഗം വിളിക്കാൻ ആരുമുണ്ടായില്ലെന്ന് ശർമിഷ്ഠ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പിതാവ് മരിച്ചപ്പോൾ അനുശോചനം അറിയിക്കാനായി ആരും യോഗം വിളിച്ചില്ല. രാജ്യത്തിന്റെ നാല് പ്രസിഡന്റുമാർ മരിച്ചപ്പോഴും അതുണ്ടായില്ല. പിന്നീട് അച്ഛൻ്റെ ഡയറിയിൽ നിന്ന് യോഗം വിളിക്കാത്തത് തെറ്റാണെന്ന് മനസിലാക്കാൻ സാധിച്ചു. മുമ്പ് കെആർ നാരായണൻ മരിച്ചപ്പോൾ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി വിളിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തുവെന്ന് വ്യക്തമായെന്നും ശർമിഷ്ഠ മുഖർജി കുറിച്ചു.

മൻമോഹൻ സിംഗിൻ്റെ സ്മരണക്കായി പ്രത്യേക സ്മാരകം എന്ന തീരുമാനം നല്ലൊരു ആശയമാണ്. ഭാരതരത്ന പുരസ്കാരം കൂടി മൻമോഹൻ അർഹിക്കുണ്ട്. പ്രണബ് മുഖർജിയും മൻമോഹൻ സിംഗിന് ഭാരതരത്ന നൽകണമെന്ന അഭിപ്രായക്കാരനായിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. എന്തുകൊണ്ടാണ് മൻമോഹൻ സിംഗിന് ഭാരതരത്ന നൽകാതിരുന്നതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ശർമിഷ്ഠ പറഞ്ഞു.

അതേസമയം ഇന്നലെ കൂടിയ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചിച്ച്‌ പ്രമേയം പാസാക്കി. മൻമോഹൻ സിംഗിനായി പ്രത്യേക സ്മാരകം നിർമിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക രംഗത്ത് ഡോ. സിംഗിനെ ഉന്നതനായ വ്യക്തിയെന്ന് വർക്കിംഗ് കമ്മറ്റി വിശേഷിപ്പിച്ചു.

അദ്ദേഹത്തിൻ്റെ സംഭാവനകൾ രാജ്യത്തെ മാറ്റിമറിക്കുകയും അതുവഴി ലോകത്തിൻ്റെ ആദരം ലഭിക്കുകയും ചെയ്തു. ഇന്ത്യയുടെ നല്ല ഭാവി രൂപപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതവും പ്രവർത്തനവുമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മറ്റി പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top