ശ്രീകലയുടെ മൃതദേഹമെന്ന് സംശയിക്കുന്ന അവശിഷ്ടം കണ്ടെത്തി; എസ്പി ഉടന്‍ മാധ്യമങ്ങളെ കാണും

ആലപ്പുഴ മാന്നാറില്‍ നിന്ന് കാണാതായ ശ്രീകലയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ചു. ശ്രീകലയുടെ ഭര്‍ത്താവിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സ്ത്രീകള്‍ ഉപയോഗിക്കുന്ന ക്ലിപ്പ്, സ്ത്രീകള്‍ ഉപയോഗിക്കുന്ന അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവയാണ് കണ്ടെത്തിയത്. ശരീരാവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന ചില ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. 15 വര്‍ഷം കഴിഞ്ഞതിനാല്‍ ചെറിയ അവശിഷ്ടം മാത്രമേ ലഭിക്കൂവെന്ന് ഫൊറന്‍സിക് സംഘം വിലയിരുത്തിയിട്ടുണ്ട്. ലഭിച്ച വസ്തുക്കളില്‍ വിശദമായ പരിശോധന തുടരുകയാണ്.

അനിലിന്റെ മര്‍ദ്ദനത്തിലാണ് ശ്രീകല മരിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചാല്‍ മാത്രമേ പല മൊഴികളും സ്ഥിരീകരിക്കാനാവൂ. സുരേഷ്, ജിനു, പ്രമോദ്, സന്തോഷ് എന്നിവരാണ് കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനിലിനോട് എത്രയും വേഗം നാട്ടിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നതിന് ആലപ്പുഴ എസ്പി ചൈത്ര തേരേസ ജോണ്‍ ഉടന്‍ മാധ്യമങ്ങളെ കാണും. സംഭവ സ്ഥലത്ത് അടക്കം എത്തിയ ശേഷമാണ് എട്ട് മണിക്ക് മാധ്യമങ്ങളെ കാണാം എന്ന് എസ്പി അറിയിച്ചിരിക്കുന്നത്. ഈ വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങളില്‍ വ്യക്തത വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top